തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയബസുകള്‍ കേന്ദ്രമാനദണ്ഡം പാലിക്കാത്തതിനാല്‍ വാഹനരജിസ്ട്രേഷന്‍ വ്യവസ്ഥകളില്‍ ഇളവുനല്‍കി സര്‍ക്കാര്‍. 25 ബസിന്റെ രജിസ്ട്രേഷന്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി എംഡി ഇളവിന് സര്‍ക്കാരിനെ സമീപിച്ചു. ഇതേത്തുടര്‍ന്ന് ബസ് ബോഡി കോഡ് നടപ്പാക്കുന്നത് സര്‍ക്കാര്‍ ആറുമാസത്തേക്ക് നീട്ടി.
ഉത്തരവ് സ്വകാര്യമേഖലയ്ക്കും ബാധകം. ഇത് ബസ് ബോഡികോഡ് മൂലം വിൽപ്പന തടസ്സപ്പെട്ട ബസുകള്‍ വില്‍ക്കാനും രജിസ്ട്രേഷന്‍ നേടാനും വഴിതെളിച്ചു.കേന്ദ്രനിയമപ്രകാരം 2025 ഓഗസ്റ്റിനുശേഷം ഇറങ്ങുന്ന ബസുകള്‍ക്ക് എഐഎസ് 153 ബസ് ബോഡി കോഡ് ബാധകമാണ്. കോച്ച് നിര്‍മാണ കമ്പനിക്കും ബസ് മോഡലിനും കേന്ദ്ര ഏജന്‍സിയുടെ അംഗീകാരംവേണം. ബസിന്റെ ഇടിപരിശോധനയുള്‍പ്പെടെ നടത്തിയാണ് അംഗീകാരംനല്‍കുന്നത്.
പൂനയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട്, ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് പരിശോധനാ ചുമതല. നിര്‍മാണഘടകങ്ങളുടെ നിലവാരം, കോച്ചുകളുടെ ഘടനാ സുസ്ഥിരത, വൈബ്രേഷന്‍, വേഗമാര്‍ജിക്കാനുള്ള കഴിവ്, ബ്രേക്കിങ് സ്ഥിരത തുടങ്ങിയവ വിലയിരുത്തിയാണ് അനുമതിനല്‍കുക.
ബസ് ബോഡി കോഡ് നിര്‍ബന്ധമാക്കുന്ന വിവരം മോട്ടോര്‍വാഹനവകുപ്പ് പരസ്യപ്പെടുത്തിയിരുന്നെങ്കിലും കെഎസ്ആര്‍ടിസി അത് അവഗണിച്ചുകൊണ്ട് പഴയമോഡല്‍ ബസുകള്‍ വാങ്ങുകയായിരുന്നു. കേന്ദ്രാനുമതികിട്ടാത്ത നിര്‍മാതാവിനെയാണ് കെഎസ്ആര്‍ടിസി തിരഞ്ഞെടുത്തത്. അംഗീകാരമുള്ള കമ്പനികളെ തഴയുകയുംചെയ്തു.
മോഡലുകള്‍ക്ക് ശബ്ദവും വൈബ്രേഷനും കൂടുതലാണെങ്കില്‍ അത്തരം കോച്ചുകള്‍ക്ക് അംഗീകാരം ലഭിക്കില്ല. നിബന്ധന കര്‍ശനമാക്കുംമുന്‍പ് ഇവ വിറ്റൊഴിക്കാന്‍ നിര്‍മാണക്കമ്പനികള്‍ ശ്രമിക്കുകയായിരുന്നു. വന്‍ ഇളവുകളാണ് ഇവര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനായി പൊതുമേഖലാസ്ഥാപനങ്ങളെയാണ് കമ്പനി സമീപിച്ചത്.
ബസ് ബോഡികോഡ് പാലിക്കുന്നതില്‍ പ്രായോഗികബുദ്ധിമുട്ടുണ്ടെന്നും രാജ്യത്ത് എല്ലായിടത്തും ഈ പ്രതിസന്ധിയുണ്ടെന്നുമാണ് കെഎസ്ആര്‍ടിസിയുടെ വാദം.



