കോട്ടയം: പാമ്പാടി വട്ടമലപടി, ആലാംപള്ളി, താലൂക്ക് ആശുപത്രി എന്നിവടങ്ങളിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ അവസ്ഥ പരിതാപകരം. നൂറുകണക്കിന് രോഗികൾ ദിവസേന വന്നുപോകുന്ന ആശുപത്രിക്ക് മുൻപിൽ ടിൻ ഷീറ്റുകൾ കൊണ്ടുണ്ടാക്കിയ ചെറിയ ഒരു കാത്തിരിപ്പുകേന്ദ്രം മാത്രമാണുള്ളത്. ഇവിടെ മൂന്നോ നാലോ ആളുകൾക്ക് ഇരിക്കുവാനുള്ള സൗകര്യമേ ഉള്ളൂ. മഴപെയ്താൽ മുഴുവൻ നനയുന്ന സാഹചര്യം.
ഇവിടുള്ള സർക്കാർ ആശുപത്രിയിൽ എത്തുന്നവരുടേത് ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങളും ഇതിനുമുൻപിൽ പാർക്കുചെയ്യുന്നു. ദീർഘദൂര ബസുകൾ ഇവിടെ നിർത്താറുമില്ല. ആലാംപള്ളി കവലയിലിറങ്ങി അര കിലോമീറ്ററോളം നടന്നുവേണം ജനങ്ങൾക്ക് ആശുപത്രിയിലെത്താൻ. കൂടുതൽ ഇരിപ്പിടങ്ങളോടുകൂടിയ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കണമെന്നതാണ് ഇവിടെ വരുന്നവരുടെ ആവശ്യം.
ആലാംപള്ളി കവലയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രമാകട്ടെ ആർക്കും പ്രയോജനമില്ലാത്ത അവസ്ഥയിലാണ്. റോഡിൽനിന്നു അല്പം മാറി പണിതിരിക്കുന്ന കാത്തിരിപ്പുകേന്ദ്രം അധികമാളുകൾ ഉപയോഗിക്കാറില്ല. റോഡിന് സമീപമുള്ള ആലിൻചുവട്ടിലാണ് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസ് കാത്തിരിക്കുന്നത്.




