ഒരിക്കൽ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ലോകത്തിന്റെ അഭിമാനമായി നിലകൊണ്ട് പിന്നീട് അവിശ്വസനീയമാം വിധം നിലയില്ലാ കയത്തിലേക്ക് വീണുപോയൊരു പേരാണ് ബൈജൂസ് ലേണിങ് ആപ്പ് എന്നത്. മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനമാണ് ബൈജൂസ്. തിങ്ക് ആൻഡ് ലേൺ എന്ന മാതൃകമ്പനിക്ക് കീഴിലാണ് ബൈജൂസ് സ്ഥാപിച്ചത്. എത്രയൊക്കെ വിമർശിച്ചിരുന്നെങ്കിലും ആ വീഴ്ച്ച മലയാളിക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു. ഇപ്പോഴിതാ, തിരിച്ചുവരവിന്റെ സൂചനയെന്ന് പറയാനാവില്ലെങ്കിലും കമ്പനിക്ക് ആശ്വാസം നൽകുന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
ബൈജൂസും അതിന്റെ വായ്പാദാതാക്കളും തമ്മിലുള്ള ദീർഘകാലമായുള്ള നിയമയുദ്ധം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. അമേരിക്ക ആസ്ഥാനമായുള്ള വായ്പാദാതാക്കളുടെ പ്രതിനിധിയായ ഗ്ലാസ് ട്രസ്റ്റ്, ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെയുള്ള എല്ലാ നിയമനടപടികളും പിൻവലിക്കാൻ പുതിയ വ്യവസ്ഥ മുന്നോട്ടുവെച്ചതായി റിപ്പോർട്ട് ചെയ്യുന്നത് റോയിട്ടേഴ്‌സ് ആണ്. വെറുതെയങ്ങ് പിൻവലിക്കുകയല്ല, പകരമായി ബൈജൂസിനും മണിപ്പാൽ എഡ്യുക്കേഷനൽ ഗ്രൂപ്പിനും മുഖ്യ ഓഹരി പങ്കാളിത്തമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ആകാശ് എഡ്യൂക്കേഷണൽ സർവീസസിൽ ഏകദേശം 30 ശതമാനം ഓഹരിയാണ് വായ്പാദാതാക്കൾ ആവശ്യപ്പെടുന്നത്. ഈ ഫോർമുല അംഗീകരിച്ചാൽ കേസെല്ലാം ഒത്തുതീർപ്പാക്കി തരാം എന്നാണ് വാഗ്ദാനം.
ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് യുഎസ് ആസ്ഥാനമായുള്ള വായ്പാസ്ഥാപനങ്ങൾ 100 കോടി ഡോളർ വായ്പനൽകിയിരുന്നു. ബൈജൂസ് വായ്പയുടെ നിബന്ധനകൾ ലംഘിച്ചെന്നും 53.3 കോടി ഡോളറിന്റെ വായ്പത്തുക അനധികൃതമായി അമേരിക്കയ്ക്കു പുറത്തേക്ക് കടത്തിയെന്നുമാണ് ഗ്ലാസ് ട്രസ്റ്റ് ആരോപിച്ചിട്ടുള്ളത്. തുടർന്ന് ഗ്ലാസ് ട്രസ്റ്റ് ഡെലാവേർ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. 107 കോടി ഡോളർ ഗ്ലാസ് ട്രസ്റ്റിന് ബൈജൂസ് നൽകണം എന്നായിരുന്നു ആ ഉത്തരവ്.
2021-ൽ, തങ്ങളുടെ പ്രൈം സമയത്ത് ഏകദേശം ഒരു ബില്യൺ ഡോളർ ചെലവാക്കിയാണ് ബൈജൂസ് ആകാശിനെ ഏറ്റെടുത്തത്. എന്നാൽ പിന്നീട് പലവിധ കാരണങ്ങളാൽ ബൈജൂസിന്റെ ഓഹരി പങ്കാളിത്തം കുറയുകയും പതിയെ മണിപ്പാൽ ഹെൽത്ത് ആകാശിന്റെ ഏറ്റവും വലിയ ഓഹരി ഉടമയാവുകയും ചെയ്തു. പുതിയ ഒത്തുതീർപ്പ് ചർച്ചകളിൽ ആകാശിന്റെ മൂല്യം ഏകദേശം 2 ബില്യൺ ഡോളറായാണ് കണക്കാക്കുന്നത്. ഇന്ത്യ, സിംഗപ്പൂർ, അമേരിക്ക എന്നീ രാജ്യങ്ങളിലെ കോടതികളിൽ നിലനിൽക്കുന്ന സങ്കീർണമായ കേസുകൾ ഒരേസമയം പിൻവലിക്കാനാണ് ഈ നിർദ്ദേശം ലക്ഷ്യമിടുന്നത്. ബൈജൂസിനെതിരെ പാപ്പരത്ത നടപടി തേടിയാണ് കേസ്. നിലവിൽ ബൈജൂസിന്റെ വിപണിമൂല്യം വെറും പൂജ്യത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്.
അമേരിക്കയിലെ കേസ് നടക്കുന്നതിനിടെ കഴിഞ്ഞ മാസമാണ് ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസം തടവുശിക്ഷ വിധിച്ചത്. കോടതി ഉത്തരവുകൾ ലംഘിച്ചതിനും ആസ്തി വിവരങ്ങൾ വെളിപ്പെടുത്താത്തതിനും കോടതി അലക്ഷ്യത്തിനാണ് ശിക്ഷ. തന്റെ ആസ്തികളുമായി ബന്ധപ്പെട്ട് 2024 ഏപ്രിൽ മുതൽ കോടതി പുറപ്പെടുവിച്ച ഒന്നിലധികം ഉത്തരവുകൾ ബൈജു രവീന്ദ്രൻ അനുസരിച്ചില്ലെന്നാണ് കോടതി കണ്ടെത്തിയത്. കീഴടങ്ങുന്നതിന് പിന്നാലെ കോടതിച്ചെലവായി 90,000 സിംഗപ്പൂർ ഡോളറും, അതായത് ഏകദേശം 70,500 യു.എസ് ഡോളർ പിഴയൊടുക്കാനും നിർദേശം വന്നു. ബൈജൂസിൽ വൻതോതിൽ നിക്ഷേപം നടത്തിയിരുന്ന ഖത്തർ പരമാധികാര നിക്ഷേപ നിധിയുടെ ഉപകമ്പനിയായ ഖത്തർ ഹോൾഡിങ്സ് നൽകിയ നിയമപോരാട്ടത്തിനൊടുവിലാണ് ഈ വിധി. ഇതിൽ നിന്ന് രക്ഷപ്പെടാനും ബൈജുവിന് മുന്നിൽ ഗ്ലാസ് ട്രസ്റ്റിന് കീഴടങ്ങുകയല്ലാതെ മറ്റൊരു വഴിയില്ല.
ബൈജ രവീന്ദ്രൻ എന്ന സാധാരണക്കാരനായ മലയാളി ഗണിതാധ്യാപകന്റെ വളർച്ചയും, തകർച്ചയും കോർപ്പറേറ്റ് ലോകത്തിന് വലിയൊരു പാഠമാണ്. അളവിൽ കൂടുതൽ പണം കൈവന്നപ്പോൾ തകർന്നുപോയ ഒരു സാമ്രാജ്യമാണ് ഇന്ന് ബൈജൂസ്. അച്ചടക്കമില്ലാത്തയും, ബുദ്ധിശൂന്യവുമായി ചെലവഴിക്കലാണ് ഈ മലയാളി സംരംഭകനെ ലോകത്തിന്റെ നോട്ടപ്പുള്ളിയാക്കിയത്.
അവിശ്വസനീയമായിരുന്നു ബൈജൂസിന്റെ വളർച്ചയും വീഴ്ച്ചയും. ഫെയ്‌സ്ബുക്കിന്റെ സ്ഥാപകൻ സാക്ഷാൽ മാർക്ക് സക്കർബർഗിന്റെ മൂലധനനിക്ഷേപം എത്തിയ ഏഷ്യയിലെ ആദ്യ സ്റ്റാർട്ട്അപ്പായി വരെ മാറിയ വളർച്ച. 21-ഓളം രാജ്യങ്ങളിൽ സാന്നിധ്യമുണ്ടായിരുന്ന ബൈജൂസ്, കോവിഡ് കാലത്താണ് വലിയ വളർച്ച കൈവരിച്ചത്. 2015 ഓഗസ്റ്റിലാണ് ബൈജൂസ് ലേണിങ് ആപ്പിന് തുടക്കമിട്ടത്. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാനുള്ള സംവിധാനം ലോക്ക്ഡൗൺ കാലത്ത് ഏറെ ഉപകാരപ്രഥമായിരുന്നു. 2019 ഡിസംബറിലെ കണക്കനുസരിച്ച് നാലു കോടിയിലേറെപ്പേർ അന്ന് ആപ്പ് ഉപയോഗിച്ചിരുന്നു. 91 കോടി ഡോളറായിരുന്നു 2019ലെ ഫോബ്‌സ് ഇന്ത്യ റിച്ച് ലിസ്റ്റ് അനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തിമൂല്യം. ഇന്ത്യക്കാരായ ശതകോടീശ്വരന്മാരിൽ 72-ാം സ്ഥാനത്ത് വരെ എത്തി. 2022ലെ ഖത്തർ ലോകകപ്പിലും സ്പോൺസർമാരിൽ ഒരാളായിരുന്നു.
എന്നാൽ 2023-ന്റെ തുടക്കത്തിൽ അമേരിക്കൻ വായ്പാദാതാക്കളുമായി ആരംഭിച്ച തർക്കം കമ്പനിയെ പതിയെ തകർച്ചയിലേക്ക് നയിച്ചു. 100 കോടി ഡോളറിന്റെ, എന്നുവെച്ചാൽ ഏകദേശം പതിനായിരം കോടി രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നാണ് ഗ്ലാസ് ട്രസ്റ്റ് ബൈജു രവീന്ദ്രനെതിരെ മാനേജ്‌മെന്റ് വീഴ്ചകളും സാമ്പത്തിക അച്ചടക്കമില്ലായ്മയും ആരോപിച്ച് രംഗത്തെത്തിയത്. വിദേശ നിക്ഷേപകർ വന്നതോടെ ബിസിനസ് വ്യാപനത്തിന്റെ പേരിൽ മേഖലയിലെ മറ്റു കമ്പനികൾ വാങ്ങിക്കൂട്ടാൻ തുടങ്ങിയിരുന്നു. തുടക്കത്തിൽ ഇവയും മികച്ചതായി തോന്നിയെങ്കിലും അധികം വൈകാതെ വലിയ സാമ്പത്തിക ബാധ്യതയായി മാറുന്ന കാഴ്ച്ച കണ്ടു.
2024-ൽ ബൈജൂസ് ഇന്ത്യയിൽ പാപ്പരത്ത നടപടികളിലേക്ക് നീങ്ങുകയും കമ്പനിയുടെ മൂല്യം പൂജ്യമാണെന്ന് ബൈജു രവീന്ദ്രൻ അറിയിക്കുകയും ചെയ്തു. പതിയെ പലവിധ കാരണങ്ങളാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ബൈജൂസിനെതിരെ തിരിഞ്ഞു. തുടക്കത്തിൽ പഠന സേവനങ്ങളിൽ വാഗ്ദാനം ചെയ്തിരുന്ന ഗുണമേൻമ നിലനിർത്താൻ പറ്റാതെ പോയതും ബൈജുവിന് തിരിച്ചടിയായി. പതിയെ കമ്പനി തകർന്നടിയുകയായിരുന്നു. കെട്ടിപ്പൊക്കിയ സാമ്രാജ്യത്തെ അതിവേഗം കൂടുതൽ ഉയരങ്ങളിലേയ്ക്ക് കൊണ്ടുപോകാനുള്ള അമിതമായ ആഗ്രഹവും, ഉയർന്ന കോർപ്പറേറ്റ് കടബാധ്യതകളുമാണ് ബൈജുവിനെ വീഴ്ത്തിയതെന്ന് വേണമെങ്കിൽ പറയാം.
ഇപ്പോഴത്തെ നീക്കങ്ങൾ ബൈജൂസിന് അനുകൂലമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ആകാശിനെ കൊടുത്ത് ഈ നൂലാമാലകളിൽ നിന്ന് രക്ഷപ്പെടാൻ തന്നെയായിരിക്കും ബൈജു രവീന്ദ്രന്റേയും ആഗ്രഹം.
നിലവിൽ 300-ലധികം കേന്ദ്രങ്ങളും 5,000-ത്തോളം അധ്യാപകരുമുള്ള ആകാശ്, 254 മില്യൺ ഡോളർ വാർഷിക വരുമാനം രേഖപ്പെടുത്തുന്ന ലാഭകരമായ സ്ഥാപനമാണ്. ഈ ഒത്തുതീർപ്പ് ചർച്ചകൾ വിജയിച്ചാൽ, വർഷങ്ങളായി നീളുന്ന നിയമതടസങ്ങൾ നീങ്ങുന്നത് ബൈജൂസിന് വലിയൊരു ആശ്വാസമാകും. ആകാശിന് നിലവിൽ 200 കോടി ഡോളർ മൂല്യമാണ് വിലയിരുത്തുന്നത്. അതേസമയം, ആകാശിന്റെ 30% ഓഹരി പങ്കാളിത്തം തേടിയെന്ന റിപ്പോർട്ടിന്മേൽ ആകാശ് അധികതരോ ബൈജൂസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗ്ലാസ് ട്രസ്റ്റ്, മണിപ്പാൽ ഗ്രൂപ്പ് എന്നിവയും പ്രതികരിച്ചിട്ടില്ല. ഈ ഫോർമുല അംഗീകരിക്കപ്പെട്ടാൽ ബൈജൂസിന്റെ തിരിച്ചുവരവ് കാണാനായേക്കും.






