തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. പാർട്ടിയുമായി ആലോചിക്കാതെ ഇത്തരം തീരുമാനങ്ങൾ എടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് നേതൃത്വം ഈ വിഷയത്തിൽ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും, ഭാവിയിൽ നിലപാട് മാറാമോയെന്നത് ഇപ്പോൾ പറയാനാകില്ലെന്നും വി. ജോയ് പറഞ്ഞു. 8 കോർപ്പറേഷനിലെ ഭരണസ്തംഭനത്തെക്കുറിച്ച് എല്ലാവർക്കും അറിയാമെന്നും, ചരിത്രത്തിലെ ഏറ്റവും മോശം ഭരണസമിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു. കാപ്പാ കേസിലെ പ്രതിയായ കൗൺസിലർ ഇപ്പോഴും പദവിയിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു മാസമായി എൽഡിഎഫ് നിരന്തര സമരത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കണമോ എന്നത് പാർട്ടിയുടെ നയപരമായ തീരുമാനമാണെന്നും, നിലവിൽ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കാപ്പാ കേസുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് സംബന്ധിച്ച ചർച്ചകളും രാഷ്ട്രീയ രംഗത്ത് തുടരുകയാണ്.






