കൊച്ചി: മുല്ലപ്പെരിയാർ വിഷയവും ഇനി പാർലമെൻററി ഉപസമിതിയുടെ പരിഗണനയിൽ. നാളെ മൂന്നാറിൽ ആരംഭിക്കുന്ന ജലവിഭവ വിഷയങ്ങളുമായി ബന്ധപ്പെട്ട പാർലമെൻററി ഉപസമിതിയുടെ സിറ്റിംഗിൽ മുല്ലപ്പെരിയാർ വിഷയവും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജെബി മേത്തർ എംപിയുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം.
മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടിയെ പുനപരിശോധിക്കണമെന്നും, മുൻ പ്രതിനിധിയെ തിരിച്ചെത്തിക്കണമെന്നും യോഗത്തിൽ ആവശ്യമുയരും. കൂടാതെ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന കേരളത്തിന്റെ ദീർഘകാല ആവശ്യം വീണ്ടും ചർച്ചയാകുമെന്നാണ് വിവരം.
രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിലുള്ള പാർലമെൻററി ഉപസമിതിയുടെ യോഗത്തിൽ തമിഴ്നാട് പ്രതിനിധികളും പങ്കെടുക്കും. വിഷയത്തിൽ ഇരുസംസ്ഥാനങ്ങളുടെ നിലപാടുകൾ വിശദമായി അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി രൂപീകരിച്ച സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടുണ്ടെന്നും പുതിയ പ്രതിനിധിയെ നിർദേശിക്കാൻ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി പുതിയ പ്രതിനിധിയെ ഉടൻ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ സമിതിയിൽ കേരളത്തെ പ്രതിനിധീകരിച്ചിരുന്ന ടി.ആർ. ശിവരാജിനെ ഏകപക്ഷീയമായി ഒഴിവാക്കിയിരുന്നു. തുടർന്ന് കേരള സർക്കാർ കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് എതിർപ്പ് അറിയിച്ച് കത്തയച്ചിരുന്നു.





