തൃശ്ശൂർ: നടത്തറ സ്വദേശി രാജേഷ് മൂന്ന് വർഷങ്ങൾക്ക് മുൻപാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസിലേക്ക് കുടിയേറിയത്. ഇഷ്ടമുള്ള നമ്പറോ പേരോ വാക്കുകളോ വാഹനങ്ങളുടെ പ്ലേറ്റ് നമ്പർ ആയി എടുക്കാൻ കാനഡയിൽ സാധിക്കും. ആറ് അക്ഷരങ്ങൾ, അല്ലെങ്കിൽ നമ്പറുകൾ, അതുമല്ലെങ്കിൽ രണ്ടും ചേർന്ന കോംബിനേഷൻ ആണ് ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് ലൈസൻസ് പ്ലേറ്റിൽ അനുവദിക്കുക. താൽപര്യമുള്ള കോമ്പിനേഷനുകൾ ലിസ്റ്റ് ചെയ്ത്, അത് ഓരോന്നും ഏതൊക്കെയാണ് എന്ന് വിശദീകരണം അടക്കം പ്രൊവിൻസിലെ ലൈസൻസിങ് അതോറിറ്റിക്ക് അപേക്ഷ കൊടുക്കണം.
ആവശ്യപ്പെട്ടിരിക്കുന്ന ലൈസൻസ് പ്ലേറ്റോ അതിന് സമാനമായ മറ്റൊരു പേരോ പ്രവിശ്യയിൽ മറ്റാർക്കും ഇല്ലാത്ത പക്ഷം നമ്മുടെ അപേക്ഷ പരിഗണിക്കുകയും ലൈസൻസ് പ്ലേറ്റ് അനുവദിക്കുകയും ചെയ്യും. മാസങ്ങൾക്ക് മുൻപ് അങ്ങനെ അപേക്ഷിക്കുമ്പോൾ “തൃശൂർ, പാലക്കാട്, കേരള” എന്നിങ്ങനെ മൂന്ന് പേരുകളാണ് രാജേഷ് ലിസ്റ്റ് ചെയ്തിരുന്നത്. അതിൽ ആദ്യത്തെ ഓപ്ഷൻ തൃശൂർ തന്നെ രാജേഷിന് അനുവദിച്ച് കിട്ടുകയായിരുന്നു.
നാടും വീടും സൗഹൃദങ്ങളും അത്രയേറെ പ്രിയപ്പെട്ട രാജേഷ് ആ ആഹ്ലാദത്തിലാണ് “And thus, “Trissur” will cruise the roads of Victoria” എന്ന് Instragram status ഇട്ടത്. രാജേഷിൻ്റെ Mitsubishi Outlander plug in hybrid എസ് യു വി ഇനി തൃശൂർ എന്ന നമ്പർ പ്ലേറ്റോടെ വിക്ടോറിയയിൽ സഞ്ചരിക്കും.




