ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ല, മുളപാഡു സ്വദേശിനിയായ പ്രസന്ന അട്ടല്ലൂരി (25)യാണ് അപകടത്തിൽ മരിച്ചത്. അമിതവേഗത്തിലെത്തിയ വാഹനം ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
ഈ മാസം അഞ്ചിനാണ് അപകടം നടന്നത്. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറിലേക്കാണ് മറ്റൊരു വാഹനം അതിവേഗത്തിൽ ഇടിച്ചുകയറിയത്. ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടമെന്ന് കുടുംബം അറിയിച്ചു. സംഭവത്തിൽ പ്രസന്നയുൾപ്പെടെ രണ്ടുപേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ന്യൂയോർക്കിലെ പേസ് സർവകലാശാലയ്ക്ക് കീഴിലുള്ള ലുബിൻ സ്‌കൂൾ ഓഫ് ബിസിനസിൽ നിന്ന് അടുത്തിടെയാണ് പ്രസന്ന ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് ജോലി അന്വേഷിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനും വിദ്യാഭ്യാസ വായ്പ അടച്ചുതീർക്കുന്നതിനുമായി കുടുംബം ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ബന്ധുവായ രവികുമാർ അട്ടല്ലൂരിയുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടക്കുന്നത്. കുടുംബത്തിന്റെ പ്രധാന ആശ്രയമായിരുന്ന പ്രസന്ന സ്വന്തം വിദ്യാഭ്യാസ വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുമ്പോഴും മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും മുന്നിലുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ 65,359 ഡോളറിലധികം (ഏകദേശം 62 ലക്ഷം രൂപ) സമാഹരിച്ചതായി കുടുംബം അറിയിച്ചു. ഇന്ത്യയിൽ ചാർട്ടേഡ് അക്കൗണ്ടൻസി പഠനം പൂർത്തിയാക്കിയ ശേഷമാണ് പ്രസന്ന ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയത്. കർഷകനായ അട്ടല്ലൂരി വസന്ത റാവുവിന്റെയും ചെറുകിട ബാഗ് നിർമാണ യൂണിറ്റ് നടത്തുന്ന മല്ലേശ്വരിയുടെയും മകളാണ് പ്രസന്ന.













