തിരുവനന്തപുരം: തിരുവനന്തപുരം വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റു. ശ്രീകാര്യം പാങ്ങപ്പാറ മാങ്കുഴി സ്വദേശികളായ ബിജിത്ത് (43), ഭാര്യ വിദ്യ (43) എന്നിവരാണ് പരിക്കേറ്റത്. ടെക്നോപാർക്ക് ജീവനക്കാരനാണ് ബിജിത്ത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു അപകടം.
ബിഎംഡബ്ല്യു കാറും ദമ്പതികൾ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്കും ടാക്സി എർട്ടിഗ കാറും തമ്മിലാണ് കൂട്ടിയിടി ഉണ്ടായത്. ആൽത്തറയ്ക്ക് സമീപത്തെ ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിച്ച ബുള്ളറ്റിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ച ബിഎംഡബ്ല്യു കാർ നിയന്ത്രണം വിട്ട് ആദ്യം ബൈക്കിലും തുടർന്ന് എതിർ ട്രാക്കിലൂടെ വന്ന എർട്ടിഗയിലും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റിലുണ്ടായിരുന്ന ദമ്പതികൾ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങളും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
പരിക്കേറ്റ ബിജിത്തിനെയും വിദ്യയെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും മറ്റ് യാത്രികർക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് വിവരം. തുടർന്ന് റോഡിൽ വീണ ഓയിലും അപകടാവശിഷ്ടങ്ങളും ഫയർഫോഴ്സ് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.




