ഹൂസ്റ്റൺ: കിരീട പ്രതീക്ഷയോടെ പോർച്ചുഗൽ ഇന്ന് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഗ്രൂപ്പ് കെയിൽ കോംഗോയാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ന് രാത്രി 10:30-നാണ് മത്സരം.
ലോകമെമ്പാടുമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ഈ ടൂർണമെന്റിനെ കാണുന്നത്. തന്റെ ആറാം ലോകകപ്പിനാണ് റൊണാൾഡോ ഇന്നിറങ്ങുന്നത്. പ്രായം മുന്നേറിയെങ്കിലും മികച്ച ഫോം ഇപ്പോഴും നിലനിർത്തുന്ന താരം ടീമിന്റെ പ്രധാന പ്രതീക്ഷയാണ്.
ഗ്രൂപ്പ് കെയിൽ ഉസ്‌ബെക്കിസ്ഥാൻ, കൊളംബിയ എന്നിവരാണ് മറ്റ് ടീമുകൾ. താരതമ്യേന ദുർബലരായ കോംഗോയെ നേരിടുന്നതിലൂടെ പോർച്ചുഗലിന് മികച്ച തുടക്കം നേടാമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകർ. എങ്കിലും ചെറിയ ടീമുകളുടെ പ്രതിരോധ പ്രകടനങ്ങൾ മുൻ മത്സരങ്ങളിൽ അപ്രതീക്ഷിത ഫലങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
ശക്തമായ മധ്യനിരയാണ് പോർച്ചുഗലിന്റെ പ്രധാന കരുത്ത്. വിറ്റിഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, ജാവോ നെവെസ്, ബെർണാർഡോ സിൽവ എന്നിവരാണ് മധ്യനിരയിലെ പ്രധാന താരങ്ങൾ. ചാമ്പ്യൻസ് ലീഗ് വിജയത്തോടെ മികച്ച ഫോമിൽ എത്തിയ വിറ്റിഞ്ഞയും ജാവോ നെവെസും ടീമിന് വലിയ പ്രതീക്ഷയാണ് നൽകുന്നുണ്ട്.
പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബ്രൂണോ ഫെർണാണ്ടസ് ഈ സീസണിലും മികച്ച ഫോമിലാണ്. ബെർണാർഡോ സിൽവയുടെ അനുഭവവും ടീം സ്പിരിറ്റും പോർച്ചുഗലിന് നിർണായകമാകും. ഫുൾബാക്ക് നുനോ മെൻഡസിന്റെ സാന്നിധ്യവും ടീമിന്റെ പ്രതിരോധവും ആക്രമണവും ശക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
റൊണാൾഡോയ്ക്ക് കൃത്യമായ അവസരങ്ങൾ ഒരുക്കാൻ മധ്യനിരക്ക് സാധിച്ചാൽ പോർച്ചുഗൽ ടൂർണമെന്റിൽ ശക്തമായ മുന്നേറ്റം നടത്തും.




