കോട്ടയം: ഏറ്റുമാനൂർ ഹൈവേയിൽ ആണ്ടൂർ കവലയിൽ ഇന്നലെ വൈകിട്ട് 5 മണിയോടെ കൂത്താട്ടുകുളം സ്വദേശി പുനംതടത്തിൽ സണ്ണി ജോണിൻ്റെ ഉടമസ്ഥതയിലുള്ള മാരുതി വാഗൺ ആർ കാർ (KL 17 H 0525) പൂർണ്ണമായും കത്തി നശിച്ചു. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന സണ്ണി ജോൺ കാറിൽ നിന്ന് തീപ്പൊരി (സ്‌പാർക്ക്) കണ്ടതിനെ തുടർന്ന് ഉടൻ പുറത്തിറങ്ങി തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കാർ ആളിപ്പടരുകയായിരുന്നു.
പാലായിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയാണ് തീ പൂർണ്ണമായും അണച്ചത്. കാറിൽ സണ്ണി ജോൺ മാത്രമാണ് ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തെ തുടർന്ന് ഹൈവേയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.




