കൊച്ചി: കലൂരിൽ കാർ യാത്രക്കാരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക് പൊലീസ് സ്റ്റേഷനിലും പ്രത്യേക പരിഗണന ലഭിച്ചതായി ആരോപണം. പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചിട്ടും ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതാണ് വിവാദമായത്. പള്ളുരുത്തിയിൽ താമസിക്കുന്ന അലങ്കാർ ബസിലെ ക്ലീനർ മുഹമ്മദ് അൻസാറാണ് കേസിലെ പ്രതി. മോഷണം, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.
ഓഗസ്റ്റ് 9ന് കലൂരിൽ പ്രവാസിയും കുടുംബവും സഞ്ചരിച്ച കാർ അൻസാർ റോഡിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കാർ ഉടമ ഷാജി ജോസഫ് അന്ന് തന്നെ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന് വാർത്തയായതിന് പിന്നാലെയാണ് ഒരു മാസത്തിലേറെ കഴിഞ്ഞ് അൻസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇതിനിടെ, ഓഗസ്റ്റ് 22ന് പാടിവട്ടത്തും സമാനമായ രീതിയിൽ മറ്റൊരു കാർ യാത്രക്കാരനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അൻസാറിനെ ബസിൽ നിന്ന് കസ്റ്റഡിയിലെടുക്കുന്നതിനിടെ നോർത്ത് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുനിലിനെ പ്രതി ആക്രമിച്ചതായും പരാതിയുണ്ട്. നെഞ്ചിൽ പിടിച്ച് തള്ളുകയും മുഖത്ത് ഇടിച്ച് നിലത്തേക്ക് വീഴ്ത്തുകയും ചെയ്തെന്നാണ് ആരോപണം.
ബലപ്രയോഗത്തിലൂടെ പ്രതിയെ സ്റ്റേഷനിലെത്തിച്ചിട്ടും ഗുരുതര വകുപ്പുകൾ ചുമത്താതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നാണ് വിവരം. പിന്നീട് ബസുടമ സ്റ്റേഷനിലെത്തിയതോടെ അൻസാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പ്രതിയെ പിടികൂടാൻ വൈകിയതും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചിട്ടും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതും സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ പൊലീസുകാർക്കിടയിലും പ്രതിഷേധം ശക്തമാണ്.


