മലപ്പുറം: അടിസ്ഥാന വികസനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട പ്രമേയം യൂത്ത് ലീഗ് പാസാക്കിയത്.
ജനസംഖ്യ, വിസ്തൃതി, വികസന മുൻഗണനകൾ, പ്രാദേശിക സവിശേഷതകൾ എന്നിവ പരിഗണിച്ച് നിലവിലെ ജില്ലകളുടെ പുനഃസംഘടന അനിവാര്യമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ജില്ലാ വിഭജനത്തിനുള്ള സാധ്യതകൾ പഠിക്കാൻ സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനാവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ ആരംഭിക്കാൻ സർക്കാർ അടിയന്തരമായി മുന്നിട്ടിറങ്ങണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.



