കറാച്ചി: ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പോയ സ്വകാര്യ ചരക്കുവിമാനം അറബിക്കടലിൽ തകർന്നുവീണതായി സ്ഥിരീകരിച്ചു. അപകടം നടന്ന് 12 മണിക്കൂറിന് ശേഷം ഒർമാര തുറമുഖത്തിന് തെക്ക് 53 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
പാകിസ്താൻ ആസ്ഥാനമായ കെ2 എയർവേയ്‌സിന്റെ ബോയിങ് 737-400 ചരക്കുവിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാർക്കായി പാകിസ്താൻ നാവികസേനയും മാരിടൈം സെക്യൂരിറ്റി ഏജൻസിയും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്ച രാത്രി പാകിസ്താൻ സമയം 9.18ഓടെയാണ് വിമാനത്തിൽ സാങ്കേതിക തകരാർ ഉണ്ടായതായി കൺട്രോൾ റൂമിൽ സന്ദേശം ലഭിച്ചത്. പിന്നാലെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. കറാച്ചിയിൽ നിന്ന് ഏകദേശം 287 കിലോമീറ്റർ അകലെ വെച്ചാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്.
ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ പ്രകാരം വിമാനം പെട്ടെന്ന് ഉയരം നഷ്ടപ്പെടുകയും പിന്നീട് വീണ്ടും ഉയരുകയും ചെയ്ത ശേഷം കുത്തനെ കടലിലേക്ക് പതിക്കുകയായിരുന്നു. അപകടകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരിൽ രണ്ട് പൈലറ്റുമാരും രണ്ട് ഫ്ലൈറ്റ് എഞ്ചിനീയർമാരും ഒരു ലോഡറും ഉൾപ്പെടുന്നു. പൈലറ്റ് മുഹമ്മദ് റിസ്വാൻ ഇദ്‌രീസ്, കോ-പൈലറ്റ് ഫൈസൽ ജതോയ്, ഫ്ലൈറ്റ് എഞ്ചിനീയർമാരായ മുഹമ്മദ് ഹാമിദ്, മുഹമ്മദ് ആരിഫ് സിദ്ദിഖി, ലോഡർ മുഹമ്മദ് തൗഫീഖ് ഖാൻ എന്നിവരെയാണ് കാണാതായത്.
അപകടത്തിൽപ്പെട്ട വിമാനം ഏകദേശം 27 വർഷം പഴക്കമുള്ളതാണ്. നേരത്തെ യാത്രാവിമാനമായി ഉപയോഗിച്ചിരുന്ന ഇത് 2012ലാണ് ചരക്കുവിമാനമാക്കി മാറ്റിയത്. കെ2 എയർവേയ്‌സിന്റെ കൈവശമുള്ള ഏക വിമാനമാണിത്. അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ അമേരിക്കയുടെ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും ബോയിങ് കമ്പനിയുടെ പ്രതിനിധികളും സഹായിക്കുമെന്ന് അറിയിച്ചു.


