കാസർകോട്: ദേശീയപാതയോരത്തിന് സമീപം നുള്ളിപ്പാടിയിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കർണാടക ഗദക് ലക്ഷ്മീശ്വര സ്വദേശി മഞ്ജുനാഥനെ കാസർകോട് ടൗൺ പൊലീസ് കർണാടകയിലെ ഹാസനിൽ നിന്ന് പിടികൂടി.
മാർച്ച് 10-ന് രാത്രിയോടെയാണ് കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയിൽ മൃതദേഹം കണ്ടെത്തിയത്. കെട്ടിട പരിസരത്ത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്ക്കെത്തിയ കെട്ടിട ഉടമയുടെ മകനാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ നൽകിയ പരാതിയിൽ അസ്വാഭാവിക മരണമായി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കർണാടക ഗദക് ബലേഗ ഹൊസൂർ സ്വദേശി ചന്ദ്രശേഖർ സുരേഷ് (38) ആണ് മരിച്ചത്. കാസർകോട്ടിൽ താമസിച്ച് കോൺക്രീറ്റ് ജോലികൾ ചെയ്തുവരികയായിരുന്നു. ഇയാളോടൊപ്പം ജോലി ചെയ്തിരുന്ന ആളാണ് അറസ്റ്റിലായ മഞ്ജുനാഥ.
ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും ഒരുമിച്ച് താമസിക്കുകയും മദ്യപിക്കുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. മഞ്ജുനാഥ നൽകിയ 2000 രൂപ കടം തിരികെ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പൊലീസ് വ്യാപകമായി അന്വേഷണം നടത്തി. ഹാസനിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നാല് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്. കാസർകോട് ടൗൺ ഇൻസ്പെക്ടർ പി. നളിനാക്ഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




