വാഷിങ്ടന്‍: വെടിനിര്‍ത്തല്‍ സംബന്ധിച്ച് റഷ്യയും യുക്രൈയ്നും തമ്മില്‍ ഉടന്‍ ചര്‍ച്ച ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോണില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിക്കുന്നതിനുള്ള പ്രധാന നീക്കമാണ് ചര്‍ച്ചയെന്നും ചര്‍ച്ചയുടെ വ്യവസ്ഥകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനിക്കുമെന്നും ട്രംപ് വ്യക്തമാക്കിവിഷയത്തില്‍ പുടിനുമായി ഈ വര്‍ഷം മൂന്നാമത്തെ ഫോണ്‍സംഭാഷണമാണിത്. യുദ്ധമവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ശരിയായ പാതയിലാണെന്നും സമാധാനക്കരാറിനായി യുക്രൈയ്‌നുമായി ചേര്‍ന്നു കരടുരേഖയുണ്ടാക്കാന്‍ തയാറാണെന്നും പുടിന്‍ വ്യക്തമാക്കി. ചര്‍ച്ചയ്ക്കു മുന്‍കയ്യെടുത്തതിനു ട്രംപിനു പുടിന്‍ നന്ദി പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചതിനു പിന്നാലെ യുക്രൈയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്റിഷ് മേര്‍ട്സ്, ഫിന്‍ലണ്ട് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ് എന്നിവരുമായി ട്രംപ് നടത്തിയ ചര്‍ച്ചയിലാണ് റഷ്യയും യുക്രൈയ്നും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.






