ന്യൂഡല്‍ഹി: 71 ഇനം അവശ്യ മരുന്നുകളുടെ വില നിശ്ചയിച്ച കേന്ദ്ര സര്‍ക്കാര്‍. സ്തനാര്‍ബുദം, അലര്‍ജി, പ്രമേഹം എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയാണ് സര്‍ക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. സര്‍ക്കാര്‍ നിജപ്പെടുത്തിയ വിലയ്ക്ക് പുറമെ ചില്ലറ വില്‍പ്പന വിലയില്‍ ജിഎസ്ടി കൂടി ഉള്‍പ്പെടുത്താന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുമതിയുണ്ട്.
സ്തനാര്‍ബുദത്തിനും ആമാശയ അര്‍ബുദത്തിനുമുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്ന Trastuzumab എന്ന മരുന്നിന്റെ വില ഒരു വയലിന് 11,966 രൂപയായാണ് എന്‍പിപിഎ നിശ്ചയിച്ചിരിക്കുന്നത്. റിലയന്‍സ് ലൈഫ് സയന്‍സസാണ് ഈ മരുന്ന് നിര്‍മ്മിക്കുന്നത്. വയറ്റിലെ അള്‍സര്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ക്ലാരിത്രോമൈസിന്‍, എസോമെപ്രസോള്‍, അമോക്‌സിസിലിന്‍ എന്നിവ അടങ്ങിയ ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിക്കുന്ന കോമ്പിനേഷന്‍ മരുന്നിന്റെ വില ഒരു ടാബ്ലറ്റിന് 162.5 രൂപയായി നിശ്ചയിച്ചു.
ചില ഗുരുതര അണുബാധകള്‍ക്ക് ഉപയോഗിക്കുന്ന സെഫ്ട്രിയാക്‌സോണ്‍, ഡൈസോഡിയം എഡെറ്റേറ്റ്, സള്‍ബാക്ടം പൗഡര്‍ എന്നിവ അടങ്ങിയ മരുന്നിന്റെ വില ഒരു വയലിന് 626 രൂപയായി നിശ്ചയിച്ചു. സിറ്റാഗ്ലിപ്റ്റിന്‍ അടങ്ങിയ 25 പ്രമേഹ മരുന്നുകളുടെയും എംപാഗ്ലിഫ്‌ലോസിന്‍ അടങ്ങിയ നിരവധി പ്രമേഹ മരുന്ന് കോമ്പിനേഷനുകളുടെയും ചില്ലറ വില്‍പ്പന വിലയും എന്‍പിപിഎ നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തെ ഔഷധ ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുകയും പുനഃപരിശോധിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ റെഗുലേറ്ററി ഏജന്‍സിയാണ് എന്‍പിപിഎ.
മരുന്ന് നിര്‍മ്മാതാക്കള്‍ ഡീലര്‍മാര്‍ക്കും സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്കും സര്‍ക്കാരിനും വിലവിവര പട്ടിക നല്‍കണമെന്ന് ഏതാനും മാസങ്ങള്‍ മുമ്പ് എന്‍പിപിഎ ഉത്തരവിട്ടിരുന്നു. ഇത് പരിശോധിച്ച് എന്‍പിപിഎ നിശ്ചയിച്ച വിലയില്‍ തന്നെയാണോ മരുന്നുകള്‍ വില്‍ക്കുന്നതെന്ന് പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ സഹായിക്കും. ചില്ലറ വില്‍പനക്കാരനും വിതരണക്കാരനും തങ്ങളുടെ സ്ഥാപനങ്ങളില്‍ വില വിവര പട്ടിക എളുപ്പത്തില്‍ ലഭ്യമാകുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം ഓണ്‍ലൈന്‍ വില്‍പ്പന സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നും ഉത്തരവിലുണ്ട്.






