ന്യൂഡൽഹി: രാജ്യത്തെ ഗൂഗിൾ ക്രോം ഉപയോക്താക്കൾക്കായി കേന്ദ്ര സർക്കാർ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഗുരുതര സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ബ്രൗസറിലെ ചില സുരക്ഷാ പിഴവുകൾ സൈബർ ആക്രമണങ്ങൾക്ക് ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.
കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് പ്രകാരം, ഈ പിഴവുകൾ വിൻഡോസ്, മാകോസ്, ലിനക്‌സ് ഉപയോക്താക്കളെ ബാധിക്കാം. പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത വെബ് പേജുകൾ സന്ദർശിക്കുന്ന ഉപയോക്താക്കളുടെ സിസ്റ്റത്തിൽ ഹാക്കർമാർക്ക് മാൽവെയർ പ്രവർത്തിപ്പിക്കാനും സിസ്റ്റത്തിന്റെ നിയന്ത്രണം പിടിക്കാനും ഈ പിഴവുകൾ സഹായിക്കാം. പ്രശ്‌നങ്ങൾ വെബ്ജിപിയു, വീഡിയൊ, ഹീപ്പ് ബഫർ ഓവർഫ്ലോ, സ്റ്റോറേജ്, ടാബുകൾ, മീഡിയ, ഓമ്‌നിബോക്സ് തുടങ്ങിയ ഘടകങ്ങളിലാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.
പഴയ ക്രോം പതിപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾ ഏറ്റവും കൂടുതൽ അപകട സാധ്യത നേരിടുന്നതായും കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് പറഞ്ഞു. ലിനക്‌സ് ഉപയോക്താക്കൾ 141.0.7390.54-ന് മുമ്പുള്ള പതിപ്പുകൾ, വിൻഡോസ്, മാക് ഉപയോക്താക്കൾ 141.0.7390.54/55-ന് മുമ്പുള്ള പതിപ്പുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യേണ്ടതാണെന്ന് മുന്നറിയിപ്പ് നൽകി.
ഗൂഗിൾ ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന പുതിയ സ്റ്റേബിൾ അപ്‌ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ക്രോമിൽ മുകളിലെ മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് Settings → About Chrome → Update Chrome വഴിയുള്ള അപ്ഡേറ്റ് നടപ്പിലാക്കുകയും, അപ്‌ഡേറ്റ് പൂർത്തിയായ ശേഷം ബ്രൗസർ റീസ്റ്റാർട്ട് ചെയ്യുകയും ചെയ്യണമെന്ന് കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ശുപാർശ ചെയ്യുന്നു.










