സോണി കല്ലറയ്ക്കൽ
കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഏറ്റവും അധികം ചർച്ചയാകുന്ന പേരുകളിലൊന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിൻ്റെ മൂത്തമകൾ ഡോ.മറിയ ഉമ്മൻ ചാണ്ടിയുടേത്. കഴിഞ്ഞ തവണ കോൺഗ്രസിന് നഷ്ടപ്പെട്ട പല സീറ്റുകളും തിരിച്ചു പിടിക്കാൻ ഏറ്റവും അനുയോജ്യയായ വ്യക്തിയാണ്
ഡോ.മറിയ ഉമ്മൻ എന്നാണ് സംസ്ഥാനത്തിൻ്റെ പല കോണുകളിൽ നിന്നും ഉയർന്നുവരുന്ന മുറവിളി. ഇത് സാധാരാണ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ് പ്രതിഫലിച്ചു കാണുന്നത്.
കഴിഞ്ഞ തവണ യുഡിഎഫിന് നഷ്ടപ്പെട്ട ആറന്മുള, ചെങ്ങന്നൂർ, കാഞ്ഞിരപ്പള്ളി, പത്തനാപുരം പോലെയുള്ള ഏതെങ്കിലും മണ്ഡലത്തിൽ ഡോ.മറിയ ഉമ്മനെ മൽസരിപ്പിച്ചാൽ ആ സീറ്റ് തിരിച്ചു പിടിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരാണ് സാധാരാണക്കാരായ ജനങ്ങളിൽ ഏറെയും. ഒപ്പം, നിഷ്പക്ഷമതികളും അങ്ങനെ തന്നെ വിലയിരുത്തുന്നു.
ഇന്ന് നേതാക്കളുടെ മക്കൾക്ക് വലിയ കഷ്ടപ്പാടൊന്നും ഉണ്ടാകാതെ ജയിക്കാൻ പറ്റുന്ന സാഹചര്യം ഒരുക്കുമ്പോഴാണ് അത്രകണ്ട് ഈസി ജയം പ്രതീക്ഷിക്കാൻ പറ്റാത്ത സീറ്റുകളിൽ ഏതെങ്കിലും ഒന്നിൽ തങ്ങളുടെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിൻ്റെ മകളെ മൽസരിപ്പിച്ച് നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചു പിടിക്കാൻ വലിയൊരു ജനവിഭാഗം സോഷ്യൽ മീഡിയായിലൂടെയും മറ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെയുമായി സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് ഇത് കോൺഗ്രസ് നേതൃത്വം കാണാതെ പോകുന്നു.
അതാണ് അത്ഭുതപ്പെടുത്തുന്നത്. ഡോ.മറിയ ഉമ്മൻ ഈ വിഷയം അറിഞ്ഞു തന്നെ ഉണ്ടാകില്ല. ഒരിക്കലും തനിക്ക് ഒരു സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് അവർ രംഗത്ത് വരുമെന്നും കരുതുന്നില്ല. പക്ഷേ, പാർട്ടിക്ക് ഒരു സീറ്റ് പിടിക്കാൻ താൻ അനുയോജ്യ ആണെന്ന് കണ്ടാൽ പാർട്ടി ഒരുപക്ഷേ ആവശ്യപ്പെട്ടാൽ കോൺഗ്രസിനെ രക്ഷിക്കാൻ അവർ ഏത് ബാലികേറാ മലയിലും മൽസരിക്കാൻ തയാർ ആയെന്നും വരാം. കാരണം, മറിയ ഉമ്മൻ എന്നത് കേരളത്തിൻ്റെ ജനകീയ മുഖ്യമന്ത്രിയും സാധാരണക്കാരിൽ സാധാരണക്കാരനായി ഇവിടെ ജീവിച്ച് കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൻ്റെ വിജയത്തിനായി കഠിനാധ്വാനം ചെയ്ത ഉമ്മൻ ചാണ്ടിസാറിൻ്റെ മൂത്തമകൾ ആണ്.
ഒരു പക്ഷേ, ചാണ്ടി ഉമ്മനെക്കാളും അച്ചു ഉമ്മനെക്കാളും ഒക്കെ ഉമ്മൻ ചാണ്ടി സാറിൻ്റെ കരുതലും സ്നേഹവും വാൽസല്യവും പ്രവർത്തനവും ഒക്കെ അടുത്തുനിന്ന് ഏറെ കാണുകയും അനുഭവിക്കുകയും ചെയ്ത വ്യക്തികൂടിയാകും ഡോ. മറിയ ഉമ്മൻ എന്ന് പറയേണ്ടി വരും. ഉമ്മൻ ചാണ്ടി സാറിൻ്റെ പ്രവർത്തനങ്ങളെയൊക്കെ ഒപ്പം നടന്ന് കണ്ടറിഞ്ഞ് മനസിലാക്കിയ വ്യക്തി.
ശരിക്കും ഉമ്മൻ ചാണ്ടി സാറിൻ്റെ തനി പകർപ്പ് എന്ന് ഡോ. മറിയ ഉമ്മനെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ പറ്റും. ഇത് അവരെ അടുത്ത് അറിയാവുന്നവർ നിഷേധിക്കുമെന്ന് തോന്നുന്നില്ല. എല്ലാവരോടും മര്യാദയോടും വിനയത്തോടും സ്നേഹത്തോടും കൂടിയുള്ള പെരുമാറ്റം. ഇന്നും ഉമ്മൻ ചാണ്ടി ഇല്ലാത്ത പുതുപ്പള്ളി ഹൗസിൽ ധാരാളം പേർ വിവിധ ആവശ്യങ്ങളുമായി സഹായം ചോദിച്ച് എത്തുന്നത് പുതുപ്പള്ളി
ഹൗസിൽ ഒരിക്കലെങ്കിലും പോയിട്ടുണ്ടെങ്കിൽ കാണാം. അവരെല്ലാം സഹായത്തിനായി സമീപിക്കുന്നത് ഡോ.മറിയ ഉമ്മനെ ആണ്.
തന്നെ സമീപിക്കുന്നവരെ സന്തോഷപൂർവ്വം സ്വീകരിച്ച് ഇരുത്തി ക്ഷമയോടെ അവരുടെ പ്രശ്നങ്ങൾ കേട്ട് ആരെയും വിക്ഷമിപ്പിക്കാതെ തനിക്ക് ആകാവുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുന്ന വ്യക്തികൂടിയാണ് ഡോ.മറിയ ഉമ്മൻ. വീട് ഇല്ലാത്തവർക്ക് വീട് വെച്ചു കൊടുക്കാനും വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ഉണ്ടാക്കി കൊടുക്കാനും ഒക്കെ ഇന്ന് ഉമ്മൻ ചാണ്ടി സാറിൻ്റെ 3 മക്കളിൽ മുൻപന്തിയിൽ തന്നെ ഉണ്ട് ഉമ്മൻ ചാണ്ടി സാറിൻ്റെ മൂത്തമകളായ ഡോ.മറിയ ഉമ്മൻ. ഇതൊന്നും പലരും അറിയുന്നില്ല എന്ന് മാത്രം.
അവർ അതിനായി പബ്ലിസിറ്റിയുടെ പുറകെ ഓടുന്നുമില്ല, ഡോ.മറിയ ഉമ്മൻ നേതൃത്വം കൊടുക്കുന്ന മന്നാ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിൽ സമൂഹത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഒരുപാട് അശരണരായവർക്ക് സഹായം ലഭിക്കുന്നുണ്ട്. ഒരു പാവപ്പെട്ടവൻ അല്ലെങ്കിൽ സാധാണക്കാരൻ ഒരു ഫോൺ വിളിച്ചാൽ അത് എടുക്കുകയും എടുക്കാൻ പറ്റിയില്ലെങ്കിൽ തിരിച്ചു വിളിക്കുകയും ചെയ്യുന്ന എത്ര മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ ഇവിടെ ഉണ്ട്.
അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അത് ഉമ്മൻ ചാണ്ടി സാറിൻ്റെ മകൾ ഡോ.മറിയ ഉമ്മൻ മാത്രമേ കാണു. അതാണ് അവരുടെ മികച്ച വ്യക്തിത്വം. ഇത്തരത്തിൽ ഡോ.മറിയയെ മനസ്സിലാക്കിയ സഹായം ലഭിച്ച പലരും ആകാം സോഷ്യൽ മീഡിയായിലും മറ്റും ഡോ.മരിയ ഉമ്മൻ മൽസരിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരു കാര്യം ഉറപ്പാണ്. ഡോ.മറിയ ഉമ്മൻ ഏതെങ്കിലും സീറ്റിൽ മൽസരിച്ചാൽ വിജയം ഉറപ്പാണ്. ആ മണ്ഡലം ഡോ.മറിയ ഉമ്മൻ്റെ കൈയ്യിൽ സുരക്ഷിതമായിരിക്കുകയും
ചെയ്യും.
ഉമ്മൻ ചാണ്ടി സാർ നമ്മെ വിട്ടുപോയെങ്കിലും അദേഹത്തെ സ്നേഹിക്കുന്ന വലിയൊരു വിഭാഗം ജനത കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ട്. ജീവിച്ചിരിക്കുന്ന ഉമ്മൻ ചാണ്ടിയെക്കാൾ ശക്തനാണ് മരണപ്പെട്ടുപോയ ഉമ്മൻ ചാണ്ടി എന്ന നന്മയുള്ള മനുഷ്യൻ എന്ന് എല്ലാവർക്കും അറിയാം. ആ മനുഷ്യൻ്റെ അദൃശ്യ സാന്നിധ്യം എല്ലാ മണ്ഡലങ്ങളിലും ഉണ്ട്. ഡോ.മറിയയെ പോലെ ഒരാൾ മൽസരിക്കാൻ ഇറങ്ങിയാൽ ഉമ്മൻ ചാണ്ടി സാറിനെ സ്നേഹിക്കുന്നവർ കൃത്യമായി
ഏത് മണ്ഡലത്തിൽ ആയാലും രംഗത്ത് വരും. അവരുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യും. ഒരിക്കലും അദേഹത്തിൻ്റെ മകളെ പരാജപ്പെടുത്താൻ അവർ അനുവദിക്കുകയില്ല. അത് തന്നെയാകും ഡോ.മറിയ ഉമ്മന് മൽസരിക്കാൻ ഇറങ്ങിയാൽ ലഭിക്കാൻ പോകുന്ന കരുത്തും.
ഉമ്മൻ ചാണ്ടിയെപ്പോലെ തന്നെ വിമർശിക്കുന്നവരെപ്പോലും സ്നേഹിക്കുന്ന, ആരെയും കുറ്റപ്പെടുത്താൻ തയാർ ആവാത്ത, അപവാദം പറഞ്ഞവരോടും ക്ഷമിക്കുന്ന, എല്ലാ മനുഷ്യരോടും കരുണയുള്ള മകൾ കളത്തിലിറങ്ങിയാൽ ദൈവത്തിൻ്റെയും ഉമ്മൻ ചാണ്ടി സാറിൻ്റെയും അനുഗ്രഹം ഉണ്ടാകുമെന്ന് ഉറപ്പ്. ഡോ.മറിയ ഉമ്മനെപ്പോലെയുള്ളവർ ഏതെങ്കിലും പ്രസ്റ്റീജ് സീറ്റിൽ മൽസരിക്കാൻ തയ്യാർ ആയാൽ അത് കേരളത്തിൽ മൊത്തത്തിൽ യുഡിഎഫിന് തന്നെ ഗുണം ചെയ്യും. വലിയൊരു തരംഗം സൃഷ്ടിക്കാൻ ഇടയാക്കുകയും ചെയ്യും.
മറ്റ് പല നിയമസഭാ മണ്ഡലങ്ങളിലെയും യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കും വിജയത്തിനുള്ള വിളക്കാവുകയും ചെയ്യും ഡോ.മറിയ ഉമ്മൻ്റെ സ്ഥാനാർത്ഥി എന്ന നിലയിലുള്ള സാന്നിദ്ധ്യം. ഇന്ന് കഴിവും വിദ്യാഭ്യാസവും ഒക്കെയുള്ള വനിതകൾ രാഷ്ട്രിയ- നേതൃ രംഗത്ത് ഒക്കെ വരേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്. അത്തരത്തിലുള്ളവർ നന്നേ കുറവാണ്. ഡോ.മറിയ ഉമ്മനെപ്പറ്റി പറയുമ്പോൾ നല്ല കഴിവും ഉയർന്ന കാഴ്ചപ്പാടും ഉന്നത വിദ്യാഭ്യാസവും മികച്ച നേതൃപാടവും ഉള്ള വ്യക്തികൂടിയാണ്. മുൻ മുഖ്യമന്ത്രിയുടെ മകൾ എന്നതിലുപരി മികച്ച പ്രസംഗിക, നല്ല ഒരു മോട്ടിവേറ്റർ, ഗായിക, സംഘാടക എന്ന നിലയിലൊക്കെ ഇതിനോടകം പേരെടുത്തു കഴിഞ്ഞിരിക്കുന്നു. ജാതി, മത രാഷ്ട്രിയത്തിന് അതീതമായി വലിയൊരു വ്യക്തിബന്ധത്തിന് ഉടമകൂടിയാണ് ഡോ.മറിയ ഉമ്മൻ.
ഇവരെ ഒരിക്കലും അകറ്റി നിർത്തുക അല്ല വേണ്ടത്. ഡോ.മറിയ ഉമ്മൻ്റെ മേൽപ്പറഞ്ഞ കഴിവുകൾ മനസ്സിലാക്കി അവരെ കോൺഗ്രസ് പാർട്ടിക്ക് ഗുണകരമാക്കുകയാണ് ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന കോൺഗ്രസ് നേതാക്കൾ ചെയ്യേണ്ടത്. ഉമ്മൻ ചാണ്ടി എന്നത് കോൺഗ്രസുകാരുടെ മാത്രം വികാരമല്ല, സാധാരണ ജനങ്ങളുടെ വികാരമാണെന്ന് മനസ്സിലാക്കുക. ആ വികാരം വോട്ട് ആക്കി മാറ്റാൻ പറ്റിയാൽ കോൺഗ്രസും യുഡിഎഫും വിജയിച്ചു. അതിന് അടുത്ത നിയമസഭാ ഇലക്ഷനിൽ ചാണ്ടി ഉമ്മനെയും മറിയ ഉമ്മനെയും ഒക്കെ മുന്നിൽ നിർത്തി കളിക്കണം. ഉമ്മൻ ചാണ്ടി സാറിൻ്റെ പിന്മുറക്കാർ ഇവർ തന്നെയാണ്. അല്ലാതെ ആർക്കും ഉമ്മൻ ചാണ്ടി സാറിൻ്റെ പാരമ്പര്യം അവകാശപ്പെടാൻ പറ്റുമെന്ന് തോന്നുന്നില്ല.
പണ്ട് കുടുംബത്തിൽ നിന്ന് ഒരാൾ മാത്രമേ രാഷ്ട്രിയത്തിൽ ഉണ്ടാകു എന്ന് ഉമ്മൻ ചാണ്ടി സാർ പറഞ്ഞത് വെച്ചാണ് ചിലർ കളിക്കുന്നത്. അത് അന്നത്തെ സാഹചര്യത്തിൽ അദേഹം പറഞ്ഞു. പിന്നീട് അദേഹത്തിൻ്റെ കാലശേഷം ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നിന്ന് എം.എൽ.എ ആയി. ചാണ്ടി ഉമ്മൻ എം.എൽ.എ ആയി നിൽക്കുമ്പോൾ തന്നെയാണ് കോൺഗ്രസ് നേതാക്കൾ ഉമ്മൻ ചാണ്ടി സാറിൻ്റെ രണ്ടാമത്തെ മകൾ അച്ചു ഉമ്മനെ മൽസരിപ്പിക്കണമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. ചാണ്ടി ഉമ്മൻ മാറി നിന്നിട്ട് അച്ചു മൽസരിക്കാൻ അല്ല കോൺഗ്രസുകാർ പറയുന്നത്. അദേഹം ഉള്ളപ്പോൾ തന്നെ അച്ചുവിന് മൽസരിക്കാം എന്നാണ് അവരുടെ വാദം.
അച്ചു എന്തായാലും മൽസരിക്കാൻ വരില്ലെന്ന് ഈ പറയുന്നവർക്ക് ഒക്കെ അറിയാം. അവർ വിദേശത്ത് ബിസിനസ്സ് ഒക്കെ ആയി കുടുംബിനിയായി ജീവിക്കുന്നു.
അവർ മുൻപ് കെ.എസ്.യു. പ്രവർത്തക ഒക്കെ ആയിരുന്നു എന്നതും സത്യമാണ്. അവർക്ക് മൽസരിക്കാനും അർഹതയുണ്ട്. പക്ഷേ, ഇന്നത്തെ സാഹചര്യത്തിൽ അതിന് യാതൊരു സാധ്യതയും ഇല്ലെന്നത് യാഥാർത്ഥ്യമാണ്. അങ്ങനെയെങ്കിൽ ഇവിടെ സമൂഹ്യപ്രവർത്തനങ്ങളിൽ ഒക്കെ സജീവമായി നിൽക്കുന്ന ഉമ്മൻ ചാണ്ടി സാറിൻ്റെ മൂത്തമകൾ ഡോ.മറിയ ഉമ്മന് എന്തുകൊണ്ട് സീറ്റ് കൊടുക്കാതിരിക്കണം എന്നത് കോൺഗ്രസ് നേതൃത്വം ശരിക്കും ഒന്നാലോചിച്ചാൽ നന്നായിരിക്കും. എന്തുകൊണ്ടും അച്ചുവിനെക്കാൾ മണ്ഡലത്തിൽ സജീവം ആകാനും
വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനും ഡോ. മറിയ ഉമ്മന് കഴിയും.
കാരണം, ജനകീയ പ്രവർത്തനങ്ങൾ എന്നത് അവരുടെ അഭിരുചിയാണ്.
ഇത് മനസ്സിലാക്കിയിട്ടുള്ളവർക്ക് അറിയാം. ഡോ.മറിയ ഉമ്മൻ മൽസരിക്കാൻ ഇറങ്ങിയാൽ ചാണ്ടി ഉമ്മൻ എതിർക്കുമെന്ന് വിശ്വസിക്കാൻ സാധിക്കില്ല. നിയമസഭയിൽ ആണെങ്കിൽ നേതൃരംഗത്ത് ആയാലും ചാണ്ടി ഉമ്മന് വലിയൊരു ബലവും കരുത്തും ആയിരിക്കും മൂത്ത സഹോദരിയായ മറിയ ഉമ്മൻ. ഉമ്മൻ ചാണ്ടി സാർ രോഗാവസ്ഥയിൽ ആയിരുന്നപ്പോൾ പോലും ആ കുടുംബത്തിൽ അദേഹത്തിൻ്റെ മക്കൾ തമ്മിൽ ഭിന്നത ഉണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിച്ചിരുന്നു. അത് ചാണ്ടി ഉമ്മൻ്റെ വളർച്ചയിൽ ഭയമുള്ളവർ ആണെന്നാണ് അനുമാനിക്കപ്പെടേണ്ടത്. ഉമ്മൻ ചാണ്ടി സാറിൻ്റെ കുടുംബത്തെ അറിയാവുന്നവർക്ക് അറിയാം. അദേഹത്തിൻ്റെ മക്കൾ ഒറ്റക്കെട്ടുതന്നെയാണ്. അവരെ ആർക്കും ഭിന്നിപ്പിക്കാൻ ആവുന്നത് അല്ല.
നിരന്തരം അച്ചു മൽസരിക്കും എന്ന ഒരു ധ്വനി വരുന്നതിനാലും വെറുതെ പറയുന്ന ഈ കാര്യം തനിക്ക് മോശം ഇമേജ് സൃഷ്ടിക്കും എന്നതും കൊണ്ടും മാത്രമാണ് ചാണ്ടി ഉമ്മൻ തങ്ങളുടെ കുടുംബത്തിൽ നിന്ന് ഒരാൾ മാത്രം മൽസരിക്കും എന്ന് പറഞ്ഞത്. ഇപ്പോൾ
മറിയ ഉമ്മൻ്റെ പേർ ഉയർന്നു വരുമ്പോൾ ഭയപ്പെടുന്നത് ചാണ്ടി ഉമ്മൻ രാഷ്ട്രിയത്തിൽ ശക്തിപ്പെടരുത് എന്ന് ആഗ്രഹിക്കുന്നവർ മാത്രം ആയിരിക്കും.
ഇനി സീറ്റ് കിട്ടി ഡോ.മറിയ ഉമ്മൻ ജയിച്ചാൽ അവർ ചാണ്ടി ഉമ്മന് പിന്നിൽ തന്നെ ആയിരിക്കും നിലനിൽക്കുക എന്നതാകും യാഥാർത്ഥ്യം. അതും ചാണ്ടി ഉമ്മന് വലിയൊരു ശക്തിയായി തന്നെ. ഇത് അറിയാവുന്നവർ തന്നെയാണ് ഡോ.മറിയ ഉമ്മൻ വരവിനെ ഭയപ്പെടുന്നത്. അങ്ങനെയുള്ളവർ ചിലത് കണ്ടില്ലെന്ന് നടിക്കും മിണ്ടാതിരിക്കുകയും ചെയ്യും. പാർട്ടി ആവശ്യപ്പെട്ട് തൻ്റെ സഹോദരി ഒരു സീറ്റിൽ മൽസരിക്കേണ്ടത് അനിവാര്യം ആണെന്ന് തോന്നിയാൽ ചാണ്ടി ഉമ്മൻ അതിനെ പൂർണ്ണമായും പിന്തുണയ്ക്കുക തന്നെ ചെയ്യും.
പണ്ട് ഒരു മുൻ മുഖ്യമന്ത്രിയുടെ മകളെ സുരക്ഷിതമായ ലോക് സഭാ സീറ്റിൽ അദേഹത്തിൻ്റെ താല്പര്യത്തോടുകൂടി മൽസരിപ്പിച്ച ചരിത്രം കോൺഗ്രസ് പാർട്ടിക്ക്
ഉണ്ട്. സഹോദരൻ എം.പി യും പാർട്ടി ഭാരവാഹിയും ഒക്കെ ആയിരുന്നപ്പോഴായിരുന്നു അത്. കോൺഗ്രസിന് ജയിക്കാൻ പറ്റുന്ന ഉറച്ച സീറ്റിൽ ആ മുൻ മുഖ്യമന്ത്രിയുടെ മകൾ മൽസരിച്ചെങ്കിലും വലിയ പരാജം ആയിരുന്നു ഫലം. അവർ ഇന്ന് മറ്റൊരു പാർട്ടിയിലും ആയിരിക്കുന്നു.
ഇവിടെ അങ്ങനെ അല്ല. കോൺഗ്രസിന് തുടർച്ചയായി പരാജയം സംഭവിച്ചുകൊണ്ടിരിക്കുന്ന ചില നിയമസഭാ മണ്ഡലങ്ങളിൽ ആണ് ഉമ്മൻ ചാണ്ടി സാറിൻ്റെ മകൾ ഡോ. മറിയ ഉമ്മൻ മൽസരിക്കണമെന്ന് പൊതുസമൂഹത്തിൽ
നിന്ന് വികാരം ഉയരുന്നത്. ഇത് ശരിക്കും റിസ്ക്ക് തന്നെയാണ്. ആറന്മുള മണ്ഡലം നോക്കാം. അവിടെ തുടർച്ചയായി വിജയിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് അണ്.
ചെങ്ങന്നൂരിൽ ആണെങ്കിൽ തുടർച്ചയായി മന്ത്രി സജീ ചെറിയാൻ മൽസരിച്ചു വിജയിച്ചുകൊണ്ടിരിക്കുന്നു. പത്താപുരത്ത് ആണെങ്കിൽ മന്ത്രി കെ.ബി.ഗണേഷ് കുമാറും കാഞ്ഞിരപ്പള്ളിയിൽ സർക്കാർ ചീഫ് വിപ്പ് എൻ. ജയരാജും മണ്ഡലം കുത്തുക ആക്കി വെച്ചിരിക്കുന്നു. ഉമ്മൻ ചാണ്ടി സാറിൻ്റെ മകൾ ഡോ.മറിയ ഉമ്മന് കോൺഗ്രസ് പാർട്ടി സീറ്റ് കൊടുത്താൽ ഏറ്റുമുട്ടേണ്ടത് ഇവരോടാണ്. ശരിക്കും റിസ്ക്ക് ആണ് ഇത്. അങ്ങനെയുള്ള മണ്ഡലങ്ങളിൽ ഉമ്മൻ ചാണ്ടി സാറിൻ്റെ മകൾ മൽസരിക്കണം എന്ന് ജനങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അതാണ് ആ കുടുംബത്തിൻ്റെ ശക്തിയും വിജയവും.
അതുകൊണ്ട് തന്നെ ഈ പറഞ്ഞ ഏത് നിയമസഭാ മണ്ഡലങ്ങളിലും ഡോ.മറിയ ഉമ്മന്റെ വിജയസാധ്യതയും ഏറെ ആയിരിക്കും. പൊതുസമൂഹം ആവശ്യപ്പെടുന്നതുപോലെ ഡോ.മറിയ ഉമ്മനെ ഈ സീറ്റുകളിൽ ഏതെങ്കിലും ഒരു സീറ്റിൽ മൽസരിപ്പിക്കാൻ കോൺഗ്രസ് പാർട്ടി തയാർ ആവുക. വലിയ വിജയം അവർക്ക് ലഭിക്കും ഉറപ്പ്… പിന്നിൽ ഉമ്മൻ ചാണ്ടി സാർ ഉണ്ട്… തീർച്ച..




