ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും, നൂറ്റാണ്ടുകളായി തുടരുന്ന ആചാരത്തിൽ ഇടപെടൽ ആരാധനയുടെ സ്വഭാവം മാറ്റുമെന്നും കേന്ദ്രം വാദിച്ചു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്നും 246 പേജുള്ള വിശദമായ സത്യവാങ്മൂലം സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ചു.
ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീംകോടതിയിൽ ഇന്ന് മുതൽ സുപ്രധാന വാദം ആരംഭിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദങ്ങളാണ് ആദ്യം കേൾക്കുക. ഇതിനകം പുനഃപരിശോധന ആവശ്യപ്പെട്ട സംഘടനകൾ ഉൾപ്പെടെ 32 പേരുടെ വാദങ്ങളും, പ്രവേശനത്തെ അനുകൂലിക്കുന്ന 12 പേരുടെ വാദങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. യുവതി പ്രവേശനത്തെ എതിർക്കുന്നവർക്കൊപ്പം വാദിക്കാൻ അനുവദിക്കണമെന്നാണ് കേരള സർക്കാരിന്റെ നിലപാട്.
സംസ്ഥാന സർക്കാർ വിഷയത്തിൽ വ്യക്തമായ നിലപാട് അറിയിക്കാതെ, മതപണ്ഡിതരും സാമൂഹിക നേതാക്കളും ഉൾപ്പെട്ട സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. പുനഃപരിശോധന ഹർജികൾക്ക് പിന്തുണ നൽകുന്നതായും സർക്കാർ അറിയിച്ചിട്ടുണ്ട്. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14 മുതൽ 16 വരെ നടക്കും. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിക്കും.




