ആലപ്പുഴ : ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും പൊലീസ് സംവിധാനവും ഫയർഫോഴ്സും ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങൾ ഏകോപനത്തോടെ പ്രവർത്തിക്കാൻ തീരുമാനം.
പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി മങ്കൊമ്പ് എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിലാണ് തീരുമാനം. ഗതാഗത തടസ്സമുണ്ടാകാതിരിക്കുവാൻ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് പോലീസും, മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കും. ആവശ്യമായ ഫയർ എഞ്ചിനും മറ്റ് സുരക്ഷാ സംവിധാനങ്ങളും സഹിതം അഗ്നിരക്ഷാ സേനയുടെ മൂന്നു യൂണീറ്റുകളും റെസ്ക്യൂ ബോട്ടും സ്കൂബാ ഡൈവിംഗ് ടീമും സജ്ജമാക്കും.
ക്ഷേത്ര പരിസരങ്ങളിൽ പോലീസിലെ വിവിധ സ്ക്വാഡുകളുടെ പ്രവർത്തനം ഊർജ്ജിതമാക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി കൂടുതൽ ബസ്സ് സർവ്വീസുകൾ നടത്തുമെന്ന് അധികൃതർ യോഗത്തിൽ പറഞ്ഞു. കുട്ടനാട് തഹസിൽദാർ പ്രീത പ്രതാപന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചക്കുളത്തുകാവ് ദേവസ്വം പ്രതിനിധികൾ പോലീസ്, അഗ്നിശമന സേന , മോട്ടോർ വാഹന വകുപ്പ്, വിവിധ സംഘടന ഭാരവാഹികൾ ഉന്നത തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.










