തൃശൂർ: ചാലക്കുടിയിൽ 22കാരിയെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പരിയാരം സ്വദേശിനി എമിൽഡ (22) ആണ് മരിച്ചത്. സംഭവത്തിൽ ചാലക്കുടി പോട്ട സ്വദേശിയായ ഭർത്താവ് അഫ്സലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ആറാം തീയതിയാണ് എമിൽഡയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണം സ്ഥിരീകരിച്ചത്.
സംഭവത്തിൽ നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എമിൽഡയുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.




