കോട്ടയം: 2026 നിയമസഭ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് തകർപ്പൻ വിജയം. 52,907 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. ചാണ്ടി ഉമ്മൻ 84,031 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി കെ.എം. രാധാകൃഷ്ണൻ 31,124 വോട്ടുകളും എൻഡിഎ സ്ഥാനാർഥി രവീന്ദ്രനാഥ് വാകത്താനം 11,544 വോട്ടുകളും നേടി.
ഈ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ വ്യത്യസ്തമായ പ്രചാരണ ശൈലിയാണ് ശ്രദ്ധേയമായത്. ലാളിത്യവും നേരിട്ടുള്ള ഇടപെടലുകളും കൊണ്ട് ജനശ്രദ്ധയും മാധ്യമശ്രദ്ധയും ഒരുപോലെ നേടിയ യുവനേതാവിനെ പുതുപ്പള്ളി ഹൃദയപൂർവ്വം സ്വീകരിച്ച കാഴ്ചയായിരുന്നു ഫലം. തുടക്കം മുതൽ ലീഡ് നിലനിർത്തിയ അദ്ദേഹം വോട്ടെണ്ണൽ അവസാനിക്കുമ്പോൾ മിന്നുന്ന ജയത്തിലേക്ക് എത്തി.
അരനൂറ്റാണ്ടിലേറെയായി ഉമ്മൻ ചാണ്ടിയെ നിയമസഭയിലേക്ക് അയച്ച ചരിത്രമുള്ള മണ്ഡലമാണ് പുതുപ്പള്ളി. ജനങ്ങളുമായി നേരിട്ടുള്ള ബന്ധവും വികസനത്തിന് മുൻഗണനയും നൽകുന്ന നേതൃത്വത്തോടാണ് ഇവിടെ വോട്ടർമാർ സ്ഥിരമായി പിന്തുണ പ്രകടിപ്പിച്ചിട്ടുള്ളത്. 53 വർഷത്തോളം ഉമ്മൻ ചാണ്ടി പിന്തുടർന്ന ഈ ശൈലിയാണ് മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവം നിർണയിച്ചത്.
കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരേ മണ്ഡലത്തിൽ നിന്ന് ഇത്രയും കാലം തുടർച്ചയായി വിജയിച്ച മറ്റൊരു നേതാവില്ല. 2006-ൽ സിപിഎമ്മിന്റെ സിന്ധു ജോയിക്കെതിരെ ഏകദേശം 20,000 വോട്ടുകൾക്ക് വിജയിച്ച ഉമ്മൻ ചാണ്ടി, 2011-ൽ സുജ സൂസൻ ജോർജിനെതിരെ 33,255 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷം നേടി. 2016-ൽ ജെയ്‌ക്ക് സി തോമസിനെ 27,092 വോട്ടുകൾക്ക് തോൽപ്പിച്ച അദ്ദേഹം, 2021-ൽ അതേ എതിരാളിക്കെതിരെ 9,044 വോട്ടുകൾക്ക് മാത്രമാണ് ജയിച്ചത്.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് 2023-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 37,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ വിജയിച്ചിരുന്നു. അതിന്റെ തുടർച്ചയായി 2026ലെ വിജയം, മണ്ഡലത്തിൽ തന്റെ സ്വാധീനം ഉറപ്പിച്ചതായി കാണപ്പെടുന്നു. പോസ്റ്ററുകൾ ഒഴിവാക്കി, സൈക്കിൾ യാത്രകളിലൂടെ വോട്ടർമാരെ സമീപിച്ച അദ്ദേഹത്തിന്റെ വ്യത്യസ്ത പ്രചാരണ രീതിയും ഈ വിജയത്തിൽ നിർണായകമായി.




