കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം.ലിജുവും പങ്കെടുക്കില്ല. ഇരുവരും അസൗകര്യം അറിയിച്ചതോടെ സംഘാടകര്‍ പരിപാടി ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്. വിശാല കെപിസിസി യോഗം നടക്കുന്നതിനാല്‍ പരിപാടിയില്‍ എത്താന്‍ വൈകുമെന്നാണ് മന്ത്രിമാര്‍ അറിയിച്ചത്.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആലപ്പുഴയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടിയാണ് ഒഴിവാക്കിയത്. പരിപാടിയുടെ പുതുക്കിയ തീയതി സംഘാടകര്‍ ഇതുവരെ അറിയിച്ചിട്ടില്ല. 115ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കേരള കൗമുദി നടത്താനിരുന്ന പരിപാടിയിലേക്കാണ് രമേശ് ചെന്നിത്തലക്കും എം.ലിജുവിനും ക്ഷണം ലഭിച്ചിരുന്നത്. ജില്ലയിലെ എല്ലാ എംഎല്‍എമാരെയും ആദരിക്കുന്ന പരിപാടി കൂടിയായിരുന്നു ഇത്.
വെള്ളാപ്പള്ളിയെ മന്ത്രിമാർ കണ്ടത് വിവാദമായിരുന്നു. മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതും ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും രമേശ് ചെന്നിത്തലയും ഒരേ പരിപാടിയില്‍ പങ്കെടുത്തതും മുഖ്യമന്ത്രിയെ തുഷാർ കണ്ടതും വിവാദത്തിന് വഴിവെച്ചിരുന്നു. അതിൽ നിന്ന് പുറത്ത് വരാനുള്ള ശ്രമമാണോ ഈ നീക്കമെന്ന് വ്യക്തമല്ല.






