ഛത്തീസ്ഗഢ്: ശക്തി ജില്ലയിലെ വേദാന്ത ഗ്രൂപ്പിന്റെ പവർ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ 20 തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ കമ്പനി ചെയർമാൻ അനിൽ അഗർവാളിനെതിരെ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങളിലെ ഗുരുതര വീഴ്ചയും അശ്രദ്ധയും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഏപ്രിൽ 14ന് സിംഗിതരായ് ഗ്രാമത്തിലുള്ള പ്ലാന്റിലാണ് അപകടം ഉണ്ടായത്. ബോയിലറിൽ നിന്ന് ടർബൈനിലേക്ക് ഉയർന്ന മർദ്ദത്തിലുള്ള നീരാവി കൊണ്ടുപോകുന്ന സ്റ്റീൽ പൈപ്പ് പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമായത്. അപകടത്തിൽ നിരവധി തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അനിൽ അഗർവാൾ ഉൾപ്പെടെ എട്ട് മുതൽ പത്ത് വരെ പേർക്കെതിരെയാണ് ഡാബ്ര പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മനഃപൂർവ്വമല്ലാത്ത നരഹത്യയും യന്ത്രോപകരണങ്ങളുടെ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ പ്രത്യേക സാങ്കേതിക സമിതി രൂപീകരിച്ചതായി ശക്തി എസ്.പി. പ്രഫുൽ താക്കൂർ അറിയിച്ചു. പ്ലാന്റ് മാനേജ്മെന്റിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസും രംഗത്തെത്തി. ഫോറൻസിക് റിപ്പോർട്ടും ഇൻഡസ്ട്രിയൽ ഹെൽത്ത് ആൻഡ് സേഫ്റ്റി വകുപ്പിന്റെ കണ്ടെത്തലുകളും പുറത്തുവരുന്നതോടെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.




