ചെന്നൈ: തമിഴ്നാട് നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രി വിജയിക്ക് ആദ്യ രാഷ്ട്രീയ വിജയം. ഭരണകക്ഷിയായ ടിവികെയുടെ സ്ഥാനാർത്ഥിയായ ജെസിഡി പ്രഭാകർ എതിരില്ലാതെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. പ്രോ ടൈം സ്പീക്കർ എം.വി. കറുപ്പയ്യയാണ് ജെസിഡി പ്രഭാകറിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എം. രവിശങ്കർ ഡെപ്യൂട്ടി സ്പീക്കറായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ആയി തെരഞ്ഞെടുക്കപ്പെട്ട ഇരുവരെയും സഭയിലെ സ്പീക്കർ സീറ്റിലേക്ക് ടിവികെയുടെ മുതിർന്ന നേതാവ് സെങ്കോട്ടയ്യനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ചേർന്നാണ് ആനയിച്ചത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ ഡിഎംകെയും എഐഎഡിഎംകെയും സ്ഥാനാർഥികളെ നിർത്താതിരുന്നത് ടിവികെയ്ക്ക് വലിയ രാഷ്ട്രീയ നേട്ടമായി വിലയിരുത്തപ്പെടുന്നു.
എതിർകക്ഷി നേതാക്കളുമായി സൗഹൃദപരമായ ബന്ധം സ്ഥാപിക്കാൻ വിജയ് നടത്തിയ നീക്കങ്ങൾക്കും ഇതോടെ കൂടുതൽ ശ്രദ്ധ ലഭിച്ചു. എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളുടെ വീടുകൾ സന്ദർശിച്ച് രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം സൗഹൃദം പങ്കിട്ട വിജയിയുടെ സമീപനത്തിന് ഈ തെരഞ്ഞെടുപ്പ് ഉദാഹരണമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.






