തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി തുടങ്ങിയ വിശേഷ ദിനങ്ങളിൽ പൊതു അവധി നൽകുന്നത് റദ്ദാക്കണമെന്ന് ബാലാവകാശ കമ്മിഷൻ നിർദേശിച്ചു. ഈ ദിനങ്ങൾ കുട്ടികൾക്ക് അറിവും വിജ്ഞാനവും നേടാനുള്ള ദിനങ്ങളാക്കി മാറ്റണമെന്നും കമ്മിഷൻ പറഞ്ഞു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫുൾ ബഞ്ചാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. അംഗങ്ങളായ കെ.കെ. ഷാജു, ഡോ. എഫ്. വിൽസൺ എന്നിവർ ബഞ്ചിൽ ഉണ്ടായിരുന്നു.
സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രവും അതിനായി ജീവത്യാഗം ചെയ്ത നേതാക്കളെയും കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു. ഭരണഘടനാ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും രാജ്യത്തിന്റെ ഭരണഘടനയെ കുറിച്ചുള്ള പഠന പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടത്തണമെന്നും അറിയിച്ചു.
ഗാന്ധിജയന്തി ദിനത്തിൽ പരിസ്ഥിതി സംരക്ഷണവും പരിസര ശുചിത്വവും സംബന്ധിച്ച പ്രവർത്തനങ്ങൾ എല്ലാ സ്കൂളുകളിലും സംഘടിപ്പിക്കണമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും ഡയറക്ടർക്കും വനിതാ-ശിശുവികസന സെക്രട്ടറിക്കും കമ്മിഷൻ നിർദേശം നൽകി.
ഓണം, ക്രിസ്തുമസ്, പെരുന്നാൾ പോലുള്ള ആഘോഷ ദിനങ്ങളിൽ സഹകരണം, ഐക്യം, സമത്വം, പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങൾ കുട്ടികൾക്ക് പഠിപ്പിക്കുന്ന പരിപാടികൾ നടത്തണമെന്നും കമ്മിഷൻ പറഞ്ഞു. ദിനാചരണങ്ങൾ, കലാ-കായിക മത്സരങ്ങൾ എന്നിവയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.






