കൊച്ചി: നിരാലംബരായ കുട്ടികളുടെ പുനരധിവാസത്തിനും അവരെ സ്കൂളുകളിലേക്ക് തിരിച്ചെത്തിക്കുന്നതിനുമായി മലബാര്‍ ഗ്രൂപ്പ് രാജ്യത്തുടനീളം നടപ്പാക്കുന്ന മൈക്രോ ലേണിംഗ് സെന്ററുകളില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായുള്ള 1531 മൈക്രോ ലേണിംഗ് സെന്ററുകളിലായി 60,000 കുട്ടികളാണുള്ളത്. രക്ഷിതാക്കള്‍, പ്രാദേശിക നേതാക്കള്‍, പോലീസ്-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മലബാര്‍ ഗ്രൂപ്പ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ശിശുദിനാഘോഷങ്ങളില്‍ പങ്കെടുത്തു.
സാമൂഹിക- സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിര്‍ബന്ധിത ജോലിയില്‍ ഏര്‍പ്പെടുകയോ സ്കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വരികയോ ചെയ്ത 30,000ത്തോളം നിരാലംബരായ കുട്ടികളെ ഇതിനകം വിദ്യാഭ്യാസത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് മൈക്രോ ലേണിംഗ് സെന്ററുകള്‍ വഴി സാധിച്ചിട്ടുണ്ട്.
നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കപ്പുറം അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ദിശാബോധം നല്‍കുകയെന്ന ദൗത്യം കൂടി മൈക്രോ ലേണിംഗ് സെന്ററുകള്‍ക്കുണ്ട്. കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച് ഒരു വര്‍ഷം കൊണ്ട് പ്രാഥമിക വിദ്യാഭ്യാസം നല്കി തുടര്‍പഠനത്തിനായി സ്കൂളുകളിലേക്ക് പോകുന്നതിന് പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുകയുമാണ് മൈക്രോ ലേണിംഗ് സെന്ററുകളിലൂടെ ചെയ്യുന്നത്.

40 കുട്ടികള്‍ക്ക് ഒരു ടീച്ചര്‍ എന്ന അനുപാതത്തില്‍ അതത് പ്രദേശങ്ങളില്‍ നിന്നുള്ള ബിരുദ പഠനം പൂര്‍ത്തിയാക്കിയവരെയാണ് ഇവിടെ അധ്യാപകരായി നിയമിക്കുന്നത്. കുട്ടികള്‍ക്ക് പാല്, പഴം, മുട്ട തുടങ്ങിയ പോഷക സമൃദ്ധമായ വിഭവങ്ങളും നല്‍കുന്നുണ്ട്.
മൈക്രോ ലേണിംഗ് സെന്ററുകള്‍ വഴി കുട്ടികളുടെ ശോഭനമായ ഭാവി ഉറപ്പാക്കുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി അഹമ്മദ് പറഞ്ഞു.
മലബാര്‍ ഗ്രൂപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട സി.എസ്.ആര്. പദ്ധതിയായ ‘ഹംഗര്‍ ഫ്രീ വേള്‍ഡ് ‘പദ്ധതിയുടെ ഭാഗമായാണ് മൈക്രോ ലേണിംഗ് സെന്ററുകള്‍ ആരംഭിച്ചത്.
ലോകാരോഗ്യ സംഘടനയുടെ ഇന്ത്യന്‍ ചാപ്റ്ററുമായി ചേര്‍ന്ന് നഗര പ്രദേശങ്ങളിലെ പിന്നാക്ക സമൂഹങ്ങളില്‍ നിന്നുള്ള അമ്മമാരുടെയും കുട്ടികളുടെയും പോഷകാഹാരവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിന് നര്‍ച്ചറിംഗ് ബിഗിനിംഗ്സ് എന്ന പേരില്‍ പുതിയ പദ്ധതിയും മലബാര്‍ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.

മലബാര്‍ ഗ്രൂപ്പിന്റെ പ്രധാന സി.എസ്.ആര് പ്രവര്‍ത്തനങ്ങളെല്ലാം ‘തണല്‍’ സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്.വിവിധ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി മലബാര്‍ ഗ്രൂപ്പ് ഇതിനകം 356 കോടിയിലധികം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ഇതുവഴി 17 ലക്ഷത്തിലധികം ആളുകളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനായി.






