ബീജിങ്: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണമെന്ന് ചൈന ഇറാനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വ്യാപാര പാതകളുടെ സുരക്ഷ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലോകത്തിലെ അസംസ്‌കൃത എണ്ണയുടെ വലിയൊരു വിഹിതം കടന്നുപോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ തടസ്സം ഉണ്ടായാൽ ആഗോള ഊർജ്ജ വിപണിയിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന ആശങ്കയാണ് ചൈന പ്രകടിപ്പിക്കുന്നത്.
അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് കപ്പലുകളുടെ സ്വതന്ത്ര ഗതാഗതം ഉറപ്പാക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇറാനും റഷ്യയും പോലുള്ള രാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയ്ക്ക് ഗതാഗത തടസ്സം ആഭ്യന്തര വിപണിയിലും സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യമായതിനാൽ മേഖലയിലെ സംഘർഷം ശമിപ്പിക്കാൻ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന സൂചനയും ചൈന നൽകി. ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ മുൻ ഭീഷണിയും അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തിയിരുന്നു.
ആഗോള എണ്ണ വിതരണ ശൃംഖലക്ക് ഭീഷണിയാകുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.




