വയനാട്: വയനാട് ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ പൂർത്തീകരണത്തിൽ അനിശ്ചിതത്വം തുടരുന്നതായി ആശങ്ക. 178 വീടുകൾ എത്രയും വേഗം താമസയോഗ്യമാക്കണമെന്ന് ദുരന്തബാധിതർ ആവശ്യപ്പെട്ടു. കൈമാറിയ വീടുകളിൽ ഭൂരിഭാഗവും ഇപ്പോഴും താമസയോഗ്യമല്ലെന്ന വിമർശനവും ഉയരുന്നു.
തനിക്ക് ലഭിച്ച വീട്ടിന്റെ മേൽക്കൂരയിൽ വിള്ളൽ വീണതായി ചൂരൽമല സ്വദേശി നൗഫൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി നൽകിയതിന് പിന്നാലെ അധികൃതർ വീട് പൂട്ടിയതായും അദ്ദേഹം ആരോപിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ കണക്കുപ്രകാരം ഫേസ് വണ്ണിലെ 178 വീടുകളിൽ 40 എണ്ണം മാത്രമാണ് ഇപ്പോൾ താമസയോഗ്യമുള്ളത്. മറ്റ് ഫേസുകളിലെ നിർമ്മാണ പ്രവർത്തനങ്ങളും ഇനിയും അനിശ്ചിതത്വത്തിലാണ്. ദുരന്തബാധിതർക്കുള്ള മാസ സഹായവും ഭക്ഷ്യ കൂപ്പണുകളും മുടങ്ങിയതായും പരാതിയുണ്ട്.
അതേസമയം, ദുരന്തബാധിതർക്കായി നൂറ് വീടുകൾ വാഗ്ദാനം ചെയ്ത പദ്ധതിയിൽ കോൺഗ്രസ് ഭൂമി വാങ്ങിയിട്ടുണ്ടെങ്കിലും നിർമ്മാണം ആരംഭിക്കാത്തതിനെതിരെ സിപിഎം വിമർശനം കടുപ്പിച്ചു. പദ്ധതിയിലേക്ക് പിരിച്ചെടുത്ത തുക സംബന്ധിച്ച് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ, രണ്ട് അക്കൗണ്ടുകളിലായി 5.38 കോടി രൂപ ലഭിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.
ഭൂമി വാങ്ങുന്നതിനായി 6.18 കോടി രൂപ ചെലവായതായും, പിരിച്ചെടുത്ത തുകയിൽ കുറവുണ്ടായതിനാൽ പാർട്ടി 97 ലക്ഷം രൂപ അധികമായി നൽകിയതായും അദ്ദേഹം പറഞ്ഞു. മാതൃക വീടുകളുടെ നിർമ്മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നിർമാണം ആരംഭിക്കുന്ന തീയതി ഇനിയും വ്യക്തമല്ല.




