വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണല്‍ വരെയുള്ളത് ഏകദേശം മൂന്നാഴ്ച്ചയിലധികം സമയമാണ്. പത്ത് വര്‍ഷത്തിന് ശേഷം ഭരണം പിടിക്കുമെന്ന് ഊണിലും ഉറക്കത്തിലും പറഞ്ഞുകൊണ്ട് നടക്കുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ മിക്കവരും ഇപ്പോള്‍ ഒരു ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് സ്റ്റേജിലാണ്. വോട്ടെടുപ്പിന്റെ പിറ്റേന്ന് തുടങ്ങിയ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വടംവലി ഇപ്പോള്‍ ഏകദേശം തെരുവ് യുദ്ധത്തിന് സമാനമായിട്ടുണ്ട്. കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ ഈ തെരഞ്ഞെടുപ്പ് പല വമ്പന്മാര്‍ക്കും ഇത് നിലനില്‍പ്പിന്റേയും പോരാട്ടം കൂടിയാണ്. അക്കൂട്ടത്തിലെ പ്രധാനിയാണ് കണ്ണൂരിലെ മഹാമേരുവായ കെ സുധാകരന്‍. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് അരങ്ങേറിയ നാടകങ്ങളെല്ലാം കേരളം കണ്ടതുമാണ്. ഇപ്പോള്‍, ഫലം വരുന്ന ദിവസത്തോട് കൂടുതലടുക്കേ, സുധാകരന്‍ നടത്തുന്ന മലക്കം മറിച്ചിലുകളാണ് കോണ്‍ഗ്രസിലെ പുതിയ വിശേഷം.
ഇന്നലെ വരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താന്‍ നിര്‍ദേശിക്കുന്നത് രമേശ് ചെന്നിത്തലയെയാണെന്ന് പറഞ്ഞു നടന്ന സുധാകരന്‍ പക്ഷേ പെട്ടെന്നായിരുന്നു നിലപാടെല്ലാം പാടേ മാറ്റിയത്. കേരള രാഷ്ട്രീയത്തിന് കെ.സി. വേണുഗോപാലിന്റെ നേതൃത്വം അനിവാര്യമാണെന്നാണ് സുധാകരന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. കെ. കരുണാകരനും ഉമ്മന്‍ ചാണ്ടിയും എ.കെ. ആന്റണിയും അടക്കമുള്ള മഹാനേതാക്കളുടെ പാത പിന്തുടരാന്‍ കെ.സിക്ക് കഴിയുമെന്നാണ് സുധാകരന്‍ പറയുന്നത്. ഇത്തവണ സുധാകരന്റെ പോസ്റ്റിനെ ആഘോഷിക്കുന്നതിന് പകരം വെട്ടിലായിരിക്കുന്ന അവസ്ഥയിലാണ് ഫാന്‍സും.
കോണ്‍ഗ്രസില്‍ രാഷ്ട്രീയമായി പിടിച്ചു നില്‍ക്കുക ലക്ഷ്യമിട്ടാണ്, വോട്ടെണ്ണലിന് മുമ്പെ കെ സുധാകരന്‍ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതെന്ന് സൂചന. സുധാകരന്റെ ഈ പെട്ടെന്നുള്ള നിലപാട് മാറ്റം കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവായ വിഡി സതീശന്‍ മുഖ്യമന്ത്രിയാവാതിരിക്കാന്‍ കുളം കലക്കി മീന്‍ പിടിക്കുകയാണ് സുധാകരന്റെ തന്ത്രമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള അടക്കംപറച്ചില്‍. ഒപ്പം സ്വന്തം നിലനില്‍പ്പും മനസിലുണ്ടാകാം.
ഭരണം കിട്ടിയാല്‍ വി ഡി സതീശനോ രമേശ് ചെന്നിത്തലയോ എന്ന ചോദ്യം കുറച്ച് ദിവസമായി നേതൃത്വത്തേയും പ്രവര്‍ത്തകരേയും വിട്ടൊഴിയാതെ മുഴങ്ങുന്നുണ്ട് എന്നത് സത്യം തന്നെയാണ്. ഇതിലാരെ ആക്കിയാലും മറുഭാഗത്തിന്റെ അപ്രീതി പൊട്ടിത്തെറിയായി പുറത്തെത്തുമെന്നുറപ്പ്. ഇവിടെയാണ് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പേരും ഉയരുന്നത്. നിലവിലെ ചര്‍ച്ചകളും അടക്കംപറച്ചിലുകളും കൂടിക്കാഴ്ച്ചകളും അടിയൊഴുക്കുകളുമെല്ലാം ഈ സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തുന്നതുമാണ്. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഹിത പരിശോധന നടത്തുകയാണെങ്കില്‍ മുന്‍തൂക്കം കെ സി വേണുഗോപാലിന് തന്നെയാകും. തന്റെ അനുകൂലികളെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മത്സരിപ്പിക്കുകയെന്ന തന്ത്രമാണ് കെ സി വേണുഗോപാല്‍ പയറ്റിയത്. അതില്‍ വലിയ രീതിയില്‍ വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ വിജയപ്രതീക്ഷയുള്ളവരില്‍ ഏകദേശം 60ന് അടുത്ത് സ്ഥാനാര്‍ത്ഥികളും കെസിയുടെ ഇഷ്ടക്കാരാണ്.
മറ്റു ഗ്രൂപ്പുകളില്‍ നിന്നും അടര്‍ത്തിയെടുത്ത് സ്വന്തം പക്ഷക്കാരാക്കിയാണ് സ്ഥാനാര്‍ത്ഥികളെ കെ സി വേണുഗോപാല്‍ അവതരിപ്പിച്ചത്. അതിനൊപ്പം തന്നെ കണ്ണുര്‍ ജില്ലയില്‍ അപ്രമാദിത്വമുള്ള കെ സുധാകരന് വലിയ തിരിച്ചടിയാണ് ഇത്തവണ നേരിട്ടത്. സുധാകരന് സീറ്റ് നല്‍കിയില്ല എന്ന് മാത്രമല്ല, സുധാകരന്റെ അഭിപ്രായം പരിഗണിക്കാതെയാണ് കണ്ണൂര്‍ മണ്ഡലത്തില്‍ മുന്‍ മേയര്‍ ടി ഒ മോഹനനെ സ്ഥാനാര്‍ത്ഥിയാക്കിയതും. ഇരിക്കൂറില്‍ സജീവ് ജോസഫും കല്യാശേരിയില്‍ രാജീവന്‍ കപ്പച്ചേരിയും മട്ടന്നൂരില്‍ ചന്ദ്രന്‍ തില്ലങ്കേരിയുമെല്ലാം കെ സി വേണുഗോപാലിന്റെ റഫറന്‍സില്‍ വന്നവര്‍ തന്നെ. ഇതെല്ലാം കൂട്ടിവായിച്ചാല്‍ കിട്ടുന്നത്, കണ്ണൂരില്‍ സുധാകരന് പഴയ പവറില്ല എന്ന് തന്നെയാണ്. പണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെ ഇതേ സുധാകരന്‍ തന്നെയാണ് കെസിയെ കണ്ണൂരില്‍ നിന്നും മാറ്റിയതെന്ന പഴയൊരു കഥകൂടിയുണ്ട് പിന്നാമ്പുറത്ത്.
യാതൊരു വിജയ സാധ്യതയുമില്ലാത്ത തലശേരിയില്‍ സുധാകര പക്ഷക്കാരനായ കെ പി സാജുവിനെ സ്ഥാനാര്‍ത്ഥിയാക്കി. രമേശ് ചെന്നിത്തലയോട് അടുപ്പമുള്ള വി പി അബ്ദുള്‍ റഷീദിന് വിജയ സാധ്യതയുണ്ടായിട്ടും തളിപ്പറമ്പ് സീറ്റ് നല്‍കാതെ, ധര്‍മ്മടത്തേക്ക് മാറ്റി. സിപിഎം വിമതരായ വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും പയ്യന്നൂരും തളിപ്പറമ്പും കെ സി വേണുഗോപാലിന്റെ പിന്‍തുണയോടെ മത്സരിക്കുന്നവരാണ്.
കണ്ണുരില്‍ ഒരു കാലത്തെ ശക്തരായിരുന്ന എ വിഭാഗം ഇപ്പോള്‍ ഏകദേശം നാമാവശേഷമാണ്. ശ്രീകണ്ഠാപുരം നഗരസഭയിലെ ഭരണമല്ലാതെ അവര്‍ക്ക് ഒന്നുമില്ല. കണ്ണൂര്‍ കോര്‍പറേഷനില്‍ കെ സി വേണുഗോപാല്‍ പക്ഷക്കാരിയായ അഡ്വ. പി ഇന്ദിരയാണ് മേയര്‍. പേരാവൂരില്‍ സ്ഥാനാര്‍ത്ഥിയായ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ സുധാകര പക്ഷത്ത് നിന്നും മാറുകയും ചെയ്തു. നിലനില്‍പ്പിനായി കെ സി യോട് അനുഭാവം കാണിക്കുക എന്നത് തന്നെയാണ് സണ്ണി ജോസഫിനും മുന്നിലുള്ള വഴി.
ഇതിനെല്ലാം പുറമെയാണ് സുധാകരന്റെ തട്ടകമായ കണ്ണൂര്‍ ഡിസിസിയും ഇപ്പോള്‍ കെസിയോട് കൂടുതല്‍ അനുഭാവം കാണിക്കുന്നത്. സുധാകരന് വലിയ വില കല്‍പിക്കാതെയാണ് ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജും സംഘവും മുന്‍പോട്ടു പോകുന്നത്. ഇതെല്ലാം തിരിച്ചറിഞ്ഞ് തന്നെയാകാം സുധാകരന്‍ തന്റെ നിലപാടുകളില്‍ ഇങ്ങനെ മാറ്റങ്ങള്‍ വരുത്തുന്നത്. തന്റെ കാലിലെ മണ്ണൊലിച്ചു പോകുന്ന സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ കെ സുധാകരന്‍ കെസി വേണുഗോപാലിനെ പിന്‍തുണയ്ക്കുന്നതെന്ന് പറഞ്ഞാലും തെറ്റില്ല. തനിക്ക് വിലങ്ങുതടിയായി നിന്ന സണ്ണി ജോസഫിനേയും വിഡി സതീശനേയും ഒതുക്കുക എന്ന ലക്ഷ്യവും സുധാകരന്റെ മനസിലുണ്ടാകാം. എന്തായാലും കോണ്‍ഗ്രസിലെ വടംവലി പൊടിപൊടിക്കട്ടെ. സുധാകരന്‍ ഇനിയും ഫേസ്ബുക്ക് പോസ്റ്റുകളുമായി വരട്ടെ. നമുക്ക് കാത്തിരിക്കാം, മെയ് നാലിലെ വിധിക്കായി.




