ലണ്ടന്‍: അർജന്റൈൻ യുവതാരം എന്‍സോ ഫെര്‍ണാണ്ടസിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ചെല്‍സിയില്‍ നിന്ന് താരത്തെ വാങ്ങാൻ 125 ദശലക്ഷം പൗണ്ടാണ് (ബ്രിട്ടീഷ് റെക്കോഡ്) സിറ്റി നല്‍കിയത്. കഴിഞ്ഞ സീസണില്‍ അലക്‌സാണ്ടര്‍ ഇസാക്കിനെ ലിവര്‍പൂള്‍ സ്വന്തമാക്കിയ അതേ തുകയ്ക്കാണ് ഫെര്‍ണാണ്ടസും സിറ്റിയിലെത്തിയിരിക്കുന്നത്. ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ സിറ്റിയുടെ ആകെ ചെലവ് ഇതിലൂടെ 458 ദശലക്ഷം പൗണ്ടിലെത്തി. എങ്കിലും, കളിക്കാരെ വിറ്റതിലൂടെ ക്ലബ്ബ് ഏകദേശം 300 ദശലക്ഷം പൗണ്ട് തിരിച്ചുപിടിച്ചിട്ടുമുണ്ട്.
2023ല്‍ ബെന്‍ഫിക്കയില്‍ നിന്ന് 107 ദശലക്ഷം പൗണ്ടിനായിരുന്നു ഫെര്‍ണാണ്ടസ് ചെല്‍സിയിലെത്തിയത്. എന്നാല്‍ ലോകകപ്പിന് ശേഷം ഉയർന്ന ആരാധക രോഷത്തിന് പിന്നാലെ പുതിയ ക്ലബ്ബിലേക്ക് കൂടുമാറാന്‍ താരം താല്‍പര്യം പ്രകടിപ്പിച്ചതോടെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ അദ്ദേഹത്തിന്റെ കരിയറിന് വിരാമമായി. റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനായിരുന്നു താരം ആഗ്രഹിച്ചിരുന്നെങ്കിലും സ്പാനിഷ് വമ്പന്മാര്‍ ഒടുവില്‍ ഓഫറുകള്‍ ഒന്നും സമര്‍പ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.




