തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് സ്പെയിനിലേക്ക് ആദ്യ നേരിട്ടുള്ള ചരക്ക് കയറ്റുമതി നടന്നു. എട്ട് കണ്ടെയ്നറുകളുമായി ‘എംഎസ്സി ബെറിൽ’ കപ്പൽ സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്ര തിരിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകളും ഇതിൽ ഉൾപ്പെടുന്നു.
മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകളിൽ ഒന്നിൽ ഭക്ഷ്യവസ്തുക്കളും മറ്റൊന്നിൽ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയുടെ ഉൽപന്നങ്ങളുമാണ് കയറ്റിയത്. കൊച്ചിയിൽ നിന്ന് വിഴിഞ്ഞത്തെത്തിച്ച സീഫുഡ് ഉൾപ്പെടെയുള്ള മറ്റ് ആറ് കണ്ടെയ്നറുകളും കപ്പലിൽ കയറ്റിയിട്ടുണ്ട്.
വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട ‘എംഎസ്സി ബെറിൽ’ പോർച്ചുഗലിലെ പോർട്ട് ഓഫ് സയൻസ് തുറമുഖത്ത് മാത്രമാണ് ഇടത്താവളമിടുക. തുടർന്ന് വലൻസിയ തുറമുഖത്തേക്ക് യാത്ര തുടരും.
വിഴിഞ്ഞം തുറമുഖത്ത് നിന്ന് യൂറോപ്പിലേക്ക് നേരിട്ടുള്ള ചരക്ക് കയറ്റുമതി ആരംഭിച്ചത് അന്താരാഷ്ട്ര കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിലെ നിർണായക ചുവടുവയ്പ്പായാണ് അധികൃതർ വിലയിരുത്തുന്നത്.
സാധാരണയായി കേരളത്തിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചരക്കുകൾ എത്തിക്കാൻ ഏകദേശം 60 ദിവസം വരെ വേണ്ടിവരുമ്പോൾ, വിഴിഞ്ഞം വഴിയുള്ള നേരിട്ടുള്ള കണക്റ്റിവിറ്റിയിലൂടെ ഇത് ഏകദേശം 20 ദിവസമായി കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
ചരക്ക് നീക്കത്തിലെ സമയക്കുറവ് വ്യാപാര മേഖലയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ നിന്നുള്ള കയറ്റുമതി കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അന്താരാഷ്ട്ര വിപണികളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ കണക്റ്റിവിറ്റി സഹായകരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.




