പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫ് അധികാരം പിടിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് സിപിഎം പിന്തുണ നൽകിയതോടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. കോൺഗ്രസിനും ബിജെപിക്കും തുല്യ അംഗബലമുള്ള പഞ്ചായത്തിൽ സിപിഎമ്മിന് രണ്ട് അംഗങ്ങളാണുള്ളത്.
ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു സിപിഎം അംഗം കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തതോടെ കോൺഗ്രസിന് ഭരണം ഉറപ്പായി. കോൺഗ്രസ് അംഗം വി.പി. മനോജ് കുമാർ പഞ്ചായത്ത് പ്രസിഡന്റാകും.
നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസിനും ബിജെപിക്കും ആറ് അംഗങ്ങൾ വീതമാണുള്ളത്. സിപിഎമ്മിന് രണ്ട് അംഗങ്ങളുമുണ്ട്. നേരത്തെ നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്.
ബിജെപിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചതോടെ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. തുടർന്ന് കോൺഗ്രസ് വൈസ് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നു. എന്നാൽ സിപിഎം, കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നതോടെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചത്.












