ന്യൂഡൽഹി: രാജ്യത്തെ വിപണികളിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കുന്നതിനും പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും നിയന്ത്രിക്കുന്നതിനുമായി വ്യാപാരികൾക്ക് കൈവശം വയ്ക്കാവുന്ന പഞ്ചസാരയുടെ സ്റ്റോക്ക് പരിധി കേന്ദ്ര സർക്കാർ വീണ്ടും കുറച്ചു. നിലവിലെ 4,000 ക്വിന്റൽ പരിധി 2,000 ക്വിന്റലായാണ് കുറച്ചത്.
പുതിയ സ്റ്റോക്ക് പരിധി 2026 സെപ്റ്റംബർ 15 മുതൽ നവംബർ 30 വരെ പ്രാബല്യത്തിലുണ്ടാകും. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്.
പുതിയ നിർദേശപ്രകാരം, വ്യാപാരികൾക്ക് ലഭിച്ച തീയതി മുതൽ പരമാവധി 30 ദിവസം മാത്രമേ പഞ്ചസാര സ്റ്റോക്ക് സൂക്ഷിക്കാനാകൂ. രാജ്യത്ത് എവിടെയും ഒരേസമയം 2,000 ക്വിന്റലിൽ അധികം പഞ്ചസാര കൈവശം വയ്ക്കാനും പാടില്ല.
അതേസമയം, കൊൽക്കത്തയിലും വിപുലീകരിച്ച മെട്രോപൊളിറ്റൻ മേഖലയിലും നിലവിലുള്ള 4,000 ക്വിന്റൽ സ്റ്റോക്ക് പരിധി തുടരും. പ്രദേശത്തിന്റെ പ്രത്യേക വിതരണ ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ ഇളവ്.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൊൽക്കത്തയിലേക്ക് പ്രധാനമായും പഞ്ചസാര എത്തുന്നത്. ഇവിടെ നിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള കിഴക്കൻ ഇന്ത്യയിലെ വിവിധ വിപണികളിലേക്ക് പഞ്ചസാര വിതരണം ചെയ്യുന്നുണ്ട്. അതിനാൽ വിതരണ ശൃംഖല തടസ്സപ്പെടാതിരിക്കാനാണ് കൊൽക്കത്തയിൽ ഉയർന്ന പരിധി നിലനിർത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.രാജ്യത്തെ പഞ്ചസാര വ്യാപാരികൾക്ക് ഓഗസ്റ്റ് ഒന്നുമുതൽ 4,000 ക്വിന്റൽ സ്റ്റോക്ക് പരിധി ഏർപ്പെടുത്തിയിരുന്നു. അമിതമായ സംഭരണവും വിപണിയിലെ വില അസ്ഥിരതയും തടയുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പരിധി പകുതിയായി കുറച്ചത്.
പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും നിയന്ത്രിക്കുന്നതിനൊപ്പം വിപണിയിലേക്ക് പഞ്ചസാരയുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുകയും ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ പഞ്ചസാര ലഭ്യമാക്കുകയും ചെയ്യുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.രാജ്യത്തുടനീളം പഞ്ചസാര മില്ലുകൾ, വ്യാപാരികൾ, ഡീലർമാർ എന്നിവരുടെ സ്റ്റോക്ക് സർക്കാർ നിരീക്ഷിച്ചുവരികയാണ്. വിവിധ ഇടങ്ങളിൽ നേരിട്ടുള്ള പരിശോധനകളും നടക്കുന്നുണ്ട്.
പരിശോധനകളിൽ ചിലയിടങ്ങളിൽ അനുവദനീയമായ പരിധിയേക്കാൾ അധികം പഞ്ചസാര സംഭരിച്ചതും വിൽപ്പനയിൽ ക്രമക്കേടുകളും കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു.
അതേസമയം, സർക്കാർ സ്വീകരിച്ച നടപടികളും വിപണിയിലെ ലഭ്യത മെച്ചപ്പെട്ടതും മൂലം കഴിഞ്ഞ ദിവസങ്ങളിൽ മില്ല് തലത്തിലെ പഞ്ചസാര വിലയിൽ ഏകദേശം 20 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം ചില്ലറ വിപണിയിലും ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.




