ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി.ജെ. റോയ് ആത്മഹത്യ ചെയ്യാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നെന്ന സംശയം ശക്തമാകുന്നു. ഒമ്പത് പേജുകളടങ്ങിയ ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായാണ് വിവരം. ജനുവരി 31-ന് സഹോദരനെ റോയ് വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ചതിന് ശേഷമാണെന്ന സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു റോയ് എന്നാണ് പ്രാഥമിക വിലയിരുത്തൽ.
അതേസമയം, സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ഇന്നലെ നടത്തിയതത് പ്രാഥമിക വിവരശേഖരണം മാത്രമായിരുന്നുവെന്ന് എസ്‌ഐടി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഐടി ഉദ്യോഗസ്ഥർ ബെംഗളൂരു വിട്ടുപോകരുതെന്ന് രേഖാമൂലം നിർദേശം നൽകിയിട്ടുണ്ട്.
ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സി.ജെ. റോയ് ജീവനൊടുക്കിയത്. അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ ബെംഗളൂരുവിൽ സംസ്കരിച്ചു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ റോയിയുടെ പ്രിയപ്പെട്ട നേച്ചേഴ്സ് ലക്ഷ്വറി കാസ്കേഡിൽ പൊതുദർശനം നടത്തി. തുടർന്ന് വൈകിട്ട് നാലരയോടെ നേച്ചേഴ്സ് ലക്ഷ്വറിയിൽ തന്നെ സംസ്കാര ചടങ്ങുകൾ നടന്നു.




