ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററും യൂട്യൂബറുമായ ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ 7.30ഓടെ ഗുരുഗ്രാമിലെ സെക്ടർ 56-ലുള്ള വസതിയിൽ നിന്നാണ് ദില്ലി പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനായിരുന്നു ധ്രുവ് റാഠിയുടെ നീക്കം. പ്രതിഷേധത്തിന് മുന്നോടിയായി ദില്ലിയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതിഷേധത്തിൽ പങ്കെടുക്കാൻ ദില്ലിയിലേക്ക് എത്തിയവരെ പൊലീസ് നേരത്തേ തന്നെ കസ്റ്റഡിയിലെടുക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. 200-ലധികം പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. സമരവേദിയായ ജന്തർ മന്തറിൽ കനത്ത പൊലീസ് സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവർ രാവിലെ 10.15ഓടെ ദില്ലിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽനിന്ന് നേരിട്ട് ജന്തർ മന്തറിലേക്ക് പോകാനാണ് നേതാക്കളുടെ തീരുമാനം. എന്നാൽ വിമാനത്താവളത്തിൽവെച്ചുതന്നെ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് സിജെപിയുടെ പ്രധാന ആവശ്യം. കൂടാതെ, പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികൾ അടിയന്തരമായി മരവിപ്പിക്കുകയും 2025 ജനുവരിയിലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നും പാർട്ടി ആവശ്യപ്പെടുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023ലെ നിയമത്തിൽ ഭേദഗതി വരുത്തി കമ്മീഷന്റെ ഘടനയിൽ സമഗ്രമായ പരിഷ്കാരം കൊണ്ടുവരണമെന്നും സിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പുതന്നെ കസ്റ്റഡിയിലാക്കലും സുരക്ഷാ നിയന്ത്രണങ്ങളും ശക്തമായതോടെ ദില്ലിയിൽ രാഷ്ട്രീയ വൃത്തങ്ങളിൽ സംഭവം ശ്രദ്ധ നേടിയിരിക്കുകയാണ്.




