ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി വ്യാപക അറസ്റ്റുമായി ഡൽഹി പൊലീസ്. യൂട്യൂബർ ധ്രുവ് റാഠിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ സെക്ടർ 56-ലുള്ള വസതിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തതായി സിജെപി ഔദ്യോഗിക എക്സ് പേജിലൂടെ സ്ഥിരീകരിച്ചിരുന്നു.
സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്തറിലേയ്ക്ക് തിരിച്ച സിപിഐഎം നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി, പിണറായി വിജയൻ, കെഎൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് അടക്കമുള്ള നേതാക്കളെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
രാവിലെ പത്ത് മണിക്ക് ജന്തര്‍ മന്തറിലേക്ക് എത്തിച്ചേരാനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രക്ഷോഭത്തെ നേരിടാന്‍ സമാനതകളില്ലാത്ത വിധം സന്നാഹങ്ങളാണ് ഡല്‍ഹി പൊലീസും സര്‍ക്കാരും ഏര്‍പ്പെടുത്തിയിരിക്കുന്നത്.




