ന്യൂഡൽഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയെ(സിജെപി) ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ തെരെഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി ഹരിയാന സ്വദേശി. യുവ അഭിഭാഷകൻ സുധിർ ജഖർ ആണ് അപേക്ഷ നൽകിയത്.
പാർട്ടിയുടെ കൺവീനറായി സ്വന്തം പേരാണ് സുധിർ ജഖർ നൽകിയിരിക്കുന്നത്. എന്നാൽ, സിജെപിയുടെ സ്ഥാപകനെന്ന് അറിയപ്പെടുന്ന അഭിജിത് ദീപ്കെ ഈ അപേക്ഷ തള്ളിക്കളഞ്ഞു. പാർട്ടിയുമായി ബന്ധപ്പെട്ട തീരുമാനം ഏകപക്ഷീയമായി എടുക്കാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം, സിജെപിക്ക് രാഷ്ട്രീയ രൂപം നൽകേണ്ടതുണ്ടെന്നും യുവജനങ്ങളുടെ ആശങ്കകൾ രാഷ്ട്രീയമായി ഉയർത്തിക്കാട്ടാൻ ഇത്തരം ഒരു വേദി ആവശ്യമാണെന്നും സുധിർ ജഖർ പ്രതികരിച്ചു. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തന പരിചയവും കർഷക നിയമ വിരുദ്ധ സമരങ്ങളിൽ പങ്കെടുത്ത അനുഭവവും ചൂണ്ടിക്കാട്ടിയാണ് താൻ പാർട്ടിയെ നയിക്കാൻ യോഗ്യനാണെന്ന് അദ്ദേഹം അവകാശപ്പെട്ടത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ “കോക്രോച്ചുകളും പരാന്നഭോജികളും” എന്ന് വിശേഷിപ്പിച്ചതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കോക്രോച്ച് ജനതാ പാർട്ടി രൂപം കൊണ്ടത്. കോടതി നടപടിക്കിടെ നടത്തിയ ഈ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.






