രോഗിയുമായി ദീർഘകാല ശാരീരികബന്ധത്തിൽ ഏർപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് യുകെയിലെ ന്യൂറോസർജൻ ഡോ. ചിരാഗ് പട്ടേലിനെ എട്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. രോഗിക്ക് ലഹരിയുളവാക്കുന്ന മരുന്നുകൾ നൽകിയതായും ഇയാൾക്കെതിരെ ആരോപണമുണ്ട്.
2019ൽ ശസ്ത്രക്രിയ നടത്തിയ രോഗിയുമായാണ് ഡോക്ടറുടെ ബന്ധം ആരംഭിച്ചത്. പിന്നീട് ഇത് എട്ട് മാസത്തോളം നീണ്ടുനിന്നതായി അന്വേഷണത്തിൽ കണ്ടെത്തി. 2023ൽ ബന്ധം വഷളായതിനെ തുടർന്ന് രോഗി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കാർഡിഫ് ആൻഡ് വെയിൽ ഹെൽത്ത് ബോർഡിനെ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കാർഡിഫിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസിൽ ജോലി ചെയ്തിരുന്ന ഡോ. പട്ടേൽ, രോഗിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടതും അശ്ലീല ചിത്രങ്ങൾ അയച്ചതും അന്വേഷണത്തിൽ സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. രോഗിക്ക് ലഹരിയുണ്ടാക്കുന്ന മരുന്നുകൾ നൽകിയതായും ഇയാൾ സമ്മതിച്ചു.
കേസിൽ വിധി പറഞ്ഞ ട്രൈബ്യൂണൽ, രോഗിയുടെ സുരക്ഷയും ചികിത്സാ ഉത്തരവാദിത്വവും അവഗണിച്ചുവെന്നാണ് നിരീക്ഷിച്ചത്. ചികിത്സയ്ക്കുപകരം വ്യക്തിപരമായ താൽപര്യങ്ങൾക്കാണ് ഡോക്ടർ മുൻഗണന നൽകിയതെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് എട്ട് മാസത്തെ സസ്പെൻഷൻ.
അതേസമയം, വിവാഹജീവിതത്തിലെ പ്രശ്നങ്ങൾക്കിടെയാണ് രോഗിയുമായുള്ള ബന്ധം ആരംഭിച്ചതെന്നാണ് ഡോ. പട്ടേലിന്റെ വിശദീകരണം. പിന്നീട് ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ സംഭവം പുറത്തുപറയുംെന്ന് രോഗി ഭീഷണിപ്പെടുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. ജോലി നഷ്ടപ്പെടുമെന്ന ഭയത്താലാണ് ബന്ധം അവസാനിപ്പിക്കാൻ കഴിയാതിരുന്നതെന്നും പിന്നീട് അതിൽ ഖേദമുണ്ടായെന്നും പട്ടേൽ പറഞ്ഞു.
രോഗിയുടെ വോയ്‌സ് സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. ബന്ധം അവസാനിച്ച ശേഷം രോഗി പണം ആവശ്യപ്പെട്ടുവെന്നും ബ്ലാക്ക്മെയിൽ ചെയ്തുവെന്നും ഡോക്ടർ ആരോപിച്ചു. എന്നാൽ, രോഗിക്ക് ലഹരിയുളവാക്കുന്ന മരുന്നുകൾ നൽകിയതിൽ ഖേദമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.






