മഞ്ഞപ്പടയ്ക്കെതിരെ പ്രതികരവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീത്. സീസണിലെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പട ടീമിന്റെ ഹോം മത്സരങ്ങൾ ബഹിഷ്കരിച്ചിരുന്നു. ഇതിനെതിരെയാണ് സി കെ വിനീതിന്റെ പ്രതികരണം. ക്ലബിന്റെ ഇന്നത്തെ അവസ്ഥയിൽ മാനേജ്‌മെന്റിന് റോളുണ്ടോ ഇല്ലയോ എന്ന കാര്യം വേറെയാണെന്നും തോൽക്കുമ്പോഴും ജയിക്കുമ്പോഴും ടീമിനൊപ്പം നിൽക്കുന്നവരാണ് യഥാർത്ഥ ആരാധകരെന്നും വിനീത് പറഞ്ഞു. കളി ബഹിഷ്‌കരിക്കുന്നത് ശരിയായ രീതിയല്ല. മോശം സീസണുകളും മോശം ഫലങ്ങളും എല്ലാം ക്ലബ്ബിന്റെ ഭാഗമാണ്. ഈ ക്ലബ് നിങ്ങളുടേതാണ് .നിങ്ങൾ കൂടെയുണ്ടാകുമ്പോഴാണ് അത് തലയുയർത്തി നിൽക്കുന്നതെന്നും, മറ്റുള്ള ടീമുകൾ ഏറ്റവും കൂടുതൽ പേടിച്ചിരുന്നത് നിങ്ങളെയാണെന്നും വിനീത് കൂട്ടിച്ചേർത്തു.
ടീമിന്റെ മോശം പ്രകടനം കാരണം മുൻ കോച്ചിനെ ടീം പുറത്തിയിരുന്നു. പുതിയതായി നിയമിച്ച കോച്ചിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് രണ്ട് മത്സരങ്ങൾ വിജയിച്ചിരുന്നു. തുടർച്ചയായ തോൽവികൾക്ക് ശേഷം ബ്ലാസ്റ്റേഴ്സിന്റെ മടങ്ങിവരവായിരുന്നു കഴിഞ്ഞ രണ്ട് മത്സരങ്ങൾ. ആരാധകരോട് മടങ്ങിവരണമെന്നും ഇനിയുള്ള മത്സരങ്ങളിൽ എല്ലാം ബ്ലാസ്റ്റേഴ്‌സ് നല്ല പ്രകടനം കാഴ്ചവെയ്ക്കുമെന്നും കോച്ച് പറഞ്ഞിരുന്നു. വരും മത്സരങ്ങളിൽ പിണക്കം മാറ്റിവെച്ചു ടീമിന് വേണ്ടി ആരാധകർ സ്റ്റേഡിയത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം അംഗങ്ങളും കോച്ചും.




