കൊച്ചി: കോൺഗ്രസ് നേതാക്കളെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി മാധ്യമ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
90-ലധികം വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പരാതിയോടൊപ്പം സമർപ്പിച്ചതായും, ഏകോപിത രീതിയിൽ പ്രവർത്തിക്കുന്ന ഈ അക്കൗണ്ടുകൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും കോൺഗ്രസിന്റെ പ്രതിച്ഛായയ്ക്ക് ദോഷം വരുത്തുകയും ചെയ്യുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഭാരതീയ ന്യായ സംഹിതയിലെ 354, 357 വകുപ്പുകൾക്കും ഐടി ആക്ട് 2000-ലെ അനുബന്ധ വകുപ്പുകൾക്കും കീഴിൽ ശിക്ഷാർഹമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ കേസെടുത്തു സമഗ്രമായ അന്വേഷണം നടത്തുകയും വ്യാജ അക്കൗണ്ടുകളുടെ ഉറവിടവും പിന്നിലെ ശൃംഖലയും കണ്ടെത്തുകയും ചെയ്യണമെന്ന് ദീപ്തി മേരി വർഗീസ് ആവശ്യപ്പെട്ടു.




