ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയ്നിൽ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കാനുള്ള നീക്കത്തിനെതിരെ സംഘർഷം. ജനക്കൂട്ടം പൊലീസുമായി ഏറ്റുമുട്ടിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂക്ഷമായി. തുടർന്ന് മസ്ജിദ് സമുച്ചയത്തിന് സമീപം പൊലീസ് വിന്യാസം ശക്തമാക്കി. പൊളിച്ചുനീക്കൽ നടപടി താൽക്കാലികമായി നിർത്തിവെച്ചു.
2028ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് റോഡ് വീതികൂട്ടുന്നത്. ഉജ്ജയ്ന്‍ മുനിസിപ്പൽ കോർപറേഷൻ റോഡിന്റെ വീതി 15 മീറ്ററായി വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കാൻ നീക്കം നടത്തിയത്. മസ്ജിദിന്റെ പ്രാർഥനാ ഹാളിന്റെ ഭാഗവും 120 അടി ഉയരമുള്ള മിനാരവും ഉൾപ്പെടെ പൊളിക്കാനായിരുന്നു പദ്ധതി.
തിരിച്ചറിയാത്ത ചിലർ കല്ലേറ് നടത്തിയതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായതെന്നാണ് വിവരം. തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
മസ്ജിദിന് ചുറ്റുമുള്ള 500 മീറ്റർ പരിധിയിലെ റോഡുകളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രദേശത്തേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.












