കൊൽക്കത്ത: അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശത്തിന് ശേഷം സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ സംഘര്‍ഷം. മെസി സ്റ്റേഡിയം വിട്ടതിന് പിന്നാലെയാണ് കാണികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പരിപാടിയിൽ പങ്കെടുക്കാനെത്തിയ മെസി കുറച്ചുനേരം മാത്രമാണ് വേദിയിൽ ഉണ്ടായിരുന്നത്. ഇതിനെത്തുടർന്ന് നിരാശരായ കാണികൾ സ്റ്റേഡിയത്തിനകത്ത് അക്രമാസക്തമായി പെരുമാക്കുകയായിരുന്നു. സീറ്റുകൾ തകർക്കുകയും മൈതാനത്തേക്ക് കുപ്പികളും മറ്റു വസ്തുക്കളും എറിയുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളായി. പൊലീസ് ഇടപെട്ടെങ്കിലും ജനക്കൂട്ടത്തെ പൂർണമായി നിയന്ത്രിക്കാൻ സാധിച്ചില്ല.
5,000 മുതൽ 25,000 രൂപ വരെ വിലവരുന്ന ടിക്കറ്റുകൾ വാങ്ങിയാണ് ആരാധകർ പരിപാടിക്കെത്തിയത്. എന്നാൽ, മെസി പ്രതീക്ഷിച്ചതുപോലെ ദീർഘസമയം സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നില്ലെന്ന ആരോപണമാണ് പ്രതിഷേധത്തിന് കാരണം. രാത്രി 11.15ഓടെയാണ് മെസി സ്റ്റേഡിയത്തിലെത്തിയത്. പത്ത് മിനിറ്റിനകം തന്നെ അദ്ദേഹം മടങ്ങിയതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്.
സംഘർഷം രൂക്ഷമായതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി, ബോളിവുഡ് താരം ഷാരൂഖ് ഖാൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർക്ക് പോലും സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി.




