കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ വീണ ടി.യുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പേരുകൾ വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിൽ നിർണായക വെളിപ്പെടുത്തലുമായി സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ മൊഴി. പണം നൽകാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണെന്നാണ് കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) നൽകിയ മൊഴിയെന്നാണ് വിവരം.
വീണ ടി.യുടെ എക്സാലോജിക് കമ്പനിക്ക് സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിരുന്നില്ലെന്നും കർത്ത മൊഴിയിൽ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. 2024 ഏപ്രിലിൽ കർത്തയുടെ വസതിയിൽ വച്ചാണ് ഇ.ഡി. വിശദമായ ചോദ്യം ചെയ്യൽ നടത്തിയത്.
കേസുമായി ബന്ധപ്പെട്ട് സ്വത്തുക്കൾ മരവിപ്പിച്ച നടപടിയെക്കുറിച്ച് ഇ.ഡി. അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. വീണ ടി.യുടെ പേരിലും അവരുടെ കമ്പനികളുടെ പേരിലുമുള്ള 16.5 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. കൂടാതെ, വീണയുടെ മറ്റൊരു സ്ഥാപനമായ ലേക്കർ ഇന്ത്യയുടെ 15.5 ലക്ഷം രൂപയും മരവിപ്പിച്ചിട്ടുണ്ട്. വീണയുടെ ലോക്കറും മരവിപ്പിച്ച സ്വത്തുക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
വീണയുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിൽ 1.37 ലക്ഷം രൂപയും എക്സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585 രൂപയും ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ശശിധരൻ കർത്തയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 26 കോടി രൂപയുടെ സ്വത്തുക്കളും ഇ.ഡി. മരവിപ്പിച്ചിട്ടുണ്ട്.











