ഭക്ഷണത്തിൽ നമ്മൾ ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരമാണ് ഹൃദയത്തിന്റെ ആരോഗ്യം നിർണ്ണയിക്കുന്നത്. എന്നാൽ ‘ആരോഗ്യകരം’ എന്ന പരസ്യവാചകങ്ങളോടെ വിപണിയിലെത്തുന്ന പല എണ്ണകളും വില്ലന്മാരാണ്. പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളും മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് തുടങ്ങിയ നല്ല കൊഴുപ്പുകളും അടങ്ങിയ എണ്ണകൾ കൊളസ്‌ട്രോൾ കുറയ്ക്കാനും ശരീരത്തിലെ വീക്കം തടയാനും സഹായിക്കും.
ഏറ്റവും ആരോഗ്യകരമായ പാചക എണ്ണയാണ് എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ. ഹൃദയത്തിന് സംരക്ഷണം നൽകുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഫെനോൾസ് എന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തക്കുഴലുകളുടെ ആരോഗ്യം നിലനിർത്താനും ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) വർധിപ്പിക്കാനും സഹായിക്കുന്നു.
മലയാളിയുടെ സ്വന്തം വെളിച്ചെണ്ണ ഇപ്പോഴും ഒരു തർക്കവിഷയമാണ്. ഇത് നല്ല കൊളസ്ട്രോൾ വർധിപ്പിക്കുമെങ്കിലും, ഉയർന്ന പൂരിത കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ ചീത്ത കൊളസ്ട്രോളും കൂട്ടുന്നു. അമിതമാവാതെ നോക്കണം.
ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയ പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ നല്ലൊരു മിശ്രിതമാണ് സോയാബീൻ ഓയിൽ. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെങ്കിലും, ഒമേഗ-6 അമിതമായാൽ ശരീരത്തിൽ വീക്കം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക.
എല്ലാ സൺഫ്ളവർ എണ്ണകളും ഹൃദയാരോഗ്യത്തിന് ഒരുപോലെയല്ല. പരമ്പരാഗത സൂര്യകാന്തി എണ്ണയേക്കാൾ ‘ഹൈ ഒലിക്’ വെറൈറ്റി സൂര്യകാന്തി എണ്ണയാണ് കൂടുതൽ നല്ലത്. സാധാരണ സൺഫ്ളവർ ഓയിൽ അമിതമായി ചൂടാക്കുമ്പോൾ ശരീരത്തിന് ഹാനികരമായ ഘടകങ്ങൾ ഉണ്ടാകാം. അതിനാൽ ഉയർന്ന ചൂടിലുള്ള പാചകത്തിന് ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
പൂരിത കൊഴുപ്പ് ധാരാളമായി അടങ്ങിയ പാം ഓയിൽ പൊതുവെ ആരോഗ്യവിഗദ്ധർ ഒഴിവാക്കാനാണ് പറയുക. ഇതിൽ വൈറ്റമിൻ എ, ഇ എന്നിവ അടങ്ങിയിട്ടുണ്ടെങ്കിലും, ചീത്ത കൊളസ്ട്രോൾ വർധിപ്പിക്കാനുള്ള സാധ്യത കൂടുതലായതിനാൽ ഉപയോഗം കുറയ്ക്കണം.




