ന്യൂഡല്‍ഹി: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിക്ക് മെലഡി മിഠായി സമ്മാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ പ്രധാനമന്ത്രി ഇറ്റലിയില്‍ പോയി മിഠായി വിതരണം നടത്തുകയാണെന്നാണ് രാഹുല്‍ പറഞ്ഞത്.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിക്ക് മോദി ‘മെലഡി’ ടോഫീസ് സമ്മാനിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു എക്‌സിലൂടെ പ്രതികരണം.
രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ കണ്ണീരൊഴുക്കുമ്പോള്‍ പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് റീലുകള്‍ ഉണ്ടാക്കുന്ന തിരക്കിലാണെന്നും ബിജെപി പ്രവര്‍ത്തകര്‍ ഇതിന് കൈയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘തലയ്ക്ക് മുകളില്‍ വലിയൊരു സാമ്പത്തിക കൊടുങ്കാറ്റ് വീശിയടിക്കുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയില്‍ പോയി മിഠായി വിതരണം നടത്തുന്ന തിരക്കിലാണ്’ എന്നാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്.




