ലണ്ടന്‍: ഒന്നും രണ്ടുമല്ല, നീണ്ട 22 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും ആഴ്സണലിന്റെ കിരീടമുത്തം. നിര്‍ണായക മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബോണ്‍മൗത്തിനോട് സമനില വഴങ്ങിയതോടെയാണ് ഒരുമത്സരം ബാക്കിനില്‍ക്കേ ആഴ്സണല്‍ ചാമ്പ്യന്മാരായത്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ സിറ്റിക്ക് ജയം സാധ്യമാവാതെ വന്നതോടെ ആഴ്സണല്‍ നാല് പോയിന്റ് മുന്നിലെത്തി. 82 പോയിന്റോടെ ഗണ്ണേഴ്സ് ഒന്നാമതും 78 പോയിന്റോടെ സിറ്റി രണ്ടാമതുമാണ്. ഇനി ജയിച്ചാലും സിറ്റിക്ക് കിരീടം കിട്ടില്ല.
2004-നുശേഷം 22 വര്‍ഷമാണ് കിരീടം നേടാന്‍ ആഴ്‌സണല്‍ കാത്തിരുന്നത്. ഇതിനിടെ പലപ്പോഴും അവസാന റൗണ്ടുകളില്‍ കാലിടറി കണ്ണീര് രുചിച്ചു. ഇത്തവണ പക്ഷേ പിഴച്ചില്ല. മൈക്കല്‍ അര്‍ട്ടേറ്റയുടെ കീഴില്‍ മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. ലീഗില്‍ ഏറ്റവുംകുറവ് ഗോള്‍ വഴങ്ങിയതും (26) ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതെ ക്ലീന്‍ഷീറ്റ് നിലനിര്‍ത്തിയതും (19) ആഴ്സണലാണ്. ക്രിസ്റ്റല്‍ പാലസിനെതിരെയാണ് ലീഗിലെ ടീമിന്റെ ശേഷിക്കുന്ന മത്സരം.
മേയ് 30ന-ന് പി.എസ്.ജി.ക്കെതിരേ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍കൂടി കിരീടം നേടുകയാണ് അര്‍ട്ടേറ്റയുടേയും സംഘത്തിന്റെയും ലക്ഷ്യം.




