കൊച്ചി: എറണാകുളം മലയിടം തുരുത്തിൽ ദളിത് കുടുംബങ്ങൾക്കെതിരായ പൊലീസ് നടപടിയെ രാഷ്ട്രീയ ആയുധമാക്കി ഉയർത്താനൊരുങ്ങി സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി ഇന്ന് മലയിടം തുരുത്തിൽ സംഘടിപ്പിക്കും. അതേസമയം, ബലപ്രയോഗം ഒഴിവാക്കണമെന്ന നിർദേശം ഉണ്ടായിട്ടും പൊലീസ് നടപടികൾ എങ്ങനെ സംഘർഷത്തിലേക്ക് നീങ്ങിയെന്ന കാര്യത്തിൽ ആലുവ റൂറൽ എസ്.പി ഇന്ന് എറണാകുളം റേഞ്ച് ഐജിക്ക് റിപ്പോർട്ട് സമർപ്പിക്കും.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മലയിടം തുരുത്തിലെ ഏഴ് പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇന്നലെ രാവിലെ മുതൽ പ്രദേശത്ത് പ്രതിഷേധം കടുത്തിരുന്നു. അഭിഭാഷക കമ്മീഷണർ അഡ്വ. ജയപാലൻ സ്ഥലത്തെത്തി കോടതി ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ നടപടികൾ മുന്നോട്ടുപോകാനായില്ല. പിന്നാലെ പ്രതിഷേധക്കാരെ മാറ്റാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷാവസ്ഥയ്ക്ക് കാരണമായത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട പ്രതിഷേധ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടു. കൊച്ചി പൊലീസിനോട് ഒഴിപ്പിക്കൽ നടപടികൾ ഉടൻ നിർത്തിവെക്കാൻ അദ്ദേഹം നിർദേശം നൽകി. ഇതോടെ പൊലീസ് സംഘം പ്രദേശത്ത് നിന്ന് പിന്മാറി. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കത്തിലാണ് കോടതി ഉത്തരവ് നടപ്പാക്കാൻ പതിനഞ്ചാം തവണ ശ്രമം നടന്നത്. എന്നാൽ ശക്തമായ ജനപ്രതിഷേധത്തെ തുടർന്ന് ഇത്തവണയും നടപടി പൂർത്തിയാക്കാനായില്ല.






