കോഴിക്കോട്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് നടത്തിയ പരസ്യ വിമർശനത്തെ തള്ളി മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്. പാർട്ടിയുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകൾ പരസ്യമായി പറയുന്നതിനേക്കാൾ പാർട്ടി വേദികളിൽ ഉന്നയിക്കുകയാണ് ഉചിതമെന്നും നിയാസിന്റെ പ്രതികരണത്തോട് താൻ യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്.
എൻ. ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്നാണ് പി.എം. നിയാസ് ഉയർത്തുന്ന ആരോപണം. കഴിഞ്ഞ 15 വർഷമായി അദ്ദേഹം സംഘപരിവാർ ആശയങ്ങളുമായി ബന്ധപ്പെട്ട വ്യക്തിയാണെന്നും നിയമനത്തിന് മുമ്പ് ഇക്കാര്യം പരിശോധിക്കേണ്ടതായിരുന്നുവെന്നുമാണ് നിയാസിന്റെ നിലപാട്. വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും നേരിൽ കണ്ട് പരാതി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും സമയം അനുവദിച്ചില്ലെന്നും നിയാസ് ആരോപിച്ചു.
ശേഷാദ്രിനാഥന്റെ സാമൂഹികമാധ്യമ ഇടപെടലുകളും അദ്ദേഹത്തിന്റെ രാഷ്ട്രീയ-ആശയപരമായ ബന്ധങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പി.എം. നിയാസ് കത്ത് നൽകിയിട്ടുണ്ട്. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും അദ്ദേഹം പരാതി നൽകിയതായും അറിയിച്ചിട്ടുണ്ട്.
അതേസമയം, എൻ. ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുള്ള മന്ത്രിസഭയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു. ഭരണമുന്നണിക്കുള്ളിൽ നിയമനവുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഗവർണറുടെ അംഗീകാരം ലഭിച്ചത്.
കെപിസിസിയുമായി വേണ്ടത്ര കൂടിയാലോചന നടത്താതെയും മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരമാണ് നിയമനം നടന്നതെന്ന ആരോപണവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം കോൺഗ്രസിനകത്ത് തന്നെ പുതിയ രാഷ്ട്രീയ ചർച്ചകൾക്കും ഭിന്നാഭിപ്രായങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.











