ഗുരുഗ്രാം: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. 21കാരനായ മോനുവാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് രേവാരിയിലെ ഒരു കനാലില്‍ നിന്നും മോനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മോനുവിന്റെ മൃതദേഹം കണ്ടെത്തിയതോടെ ആരംഭിച്ച അന്വേഷണം, പിന്നീട് കൊലപാതകത്തിലേക്കുള്ള വഴിത്തിരിവായി മാറുകയായിരുന്നു. മോനുവിന്റെ ഭാര്യ തന്നുവും സഹായിയായ ഹരിഓമുമാണ് അറസ്റ്റിലായത്. കേസിൽ മുഖ്യപ്രതിയായ സോനുവും മറ്റൊരു സഹായിയായ അമനും ഇപ്പോഴും ഒളിവിലാണ്.
ജൂൺ 8-നാണ് മോനു വീട്ടിൽ നിന്ന് ഇലക്ട്രിക് സ്കൂട്ടറിൽ മരുന്ന് വാങ്ങാൻ പുറപ്പെട്ടത്. എന്നാൽ പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. തുടർന്ന് പിതാവ് രത്തൻ ലാൽ ജൂൺ 9-ന് പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ പിറ്റേ ദിവസം അസൽവാസ് കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സമീപത്ത് സ്കൂട്ടറും കണ്ടെത്തി.
ആദ്യഘട്ടത്തിൽ മൃതദേഹത്തിൽ പരിക്കുകളൊന്നും കണ്ടെത്താത്തതിനാൽ മുങ്ങിമരണം ആയിരിക്കാമെന്നായിരുന്നു നിഗമനം. എന്നാൽ കുടുംബത്തിന് ഉണ്ടായ സംശയങ്ങൾ കേസിൽ പുതിയ വഴിത്തിരിവായി. ഇന്റലിജൻസ് വിവരങ്ങളും സാങ്കേതിക തെളിവുകളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് കൊലപാതക ഗൂഢാലോചന പുറത്തായത്.
വിവാഹത്തിന് ശേഷവും തന്നുവും കാമുകൻ സോനുവുമായുള്ള ബന്ധം തുടരുകയായിരുന്നു. മോനുവിനെ കനാൽ പ്രദേശത്തേക്ക് വിളിച്ചുവരുത്തിയതും ഇതേ പദ്ധതിയുടെ ഭാഗമാണെന്നാണ് ആരോപണം. തുടർന്ന് ഹരിഓവും അമനും ചേർന്ന് മോനുവിനെ ശ്വാസംമുട്ടിച്ച് ബോധംകെടുത്തിയ ശേഷം കനാലിലേക്ക് തള്ളിയിട്ടതായാണ് പ്രാഥമിക നിഗമനം.
മരണകാരണം സംബന്ധിച്ച് അന്തിമ സ്ഥിരീകരണം ഫോറൻസിക് സയൻസ് ലബോറട്ടറി (FSL) റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുന്നു.











